ബെംഗളൂരു : നമ്മ മെട്രോ യെല്ലോ പാതയിൽ (ആർ.വി. റോഡ് – ബൊമ്മസാന്ദ്ര) സർവീസ് തുടങ്ങുന്നതിനുമുന്നോടിയായുള്ള എമർജൻസി ബ്രേക്കിങ് ഡിസ്റ്റൻസ് (ഇ.ബി.ഡി.), ഓസിലേഷൻ പരിശോധന ആരംഭിച്ചു. റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) ആണ് പരിശോധനകൾ നടത്തുന്നത്. 14 ദിവസം പരിശോധനയുണ്ടാകും.സാങ്കേതികാനുമതി നേടുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധനാറിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.
ഡ്രൈവർരഹിത മെട്രോയാണ് യെല്ലോ പാതയിൽ സർവീസ് നടത്തുന്നത്. ചൈനയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി 14- നാണ് പാതയിലേക്കാവശ്യമായ ആദ്യസെറ്റ് ഡ്രൈവർ രഹിത മെട്രോ കോച്ചുകൾ ബെംഗളൂരുവിലെത്തിച്ചത്. ആറു കോച്ചുകളാണ് എത്തിച്ചത്. ലഖ്നൗ ആസ്ഥാനമായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആർ.ഡി.എസ്.ഒ.യാണ് യെല്ലോ പാതയ്ക്കായുള്ള പരിശോധനകൾ നടത്തുന്നത്.ആർ.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ യെല്ലോ പാതയിൽ ഈ വർഷം അവസാനത്തോടെ ഡ്രൈവർ രഹിത മെട്രോ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
യെല്ലോ പാത:യെല്ലോ പാതയിൽ 16 സ്റ്റേഷനുകളുണ്ടാകും. ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങളുള്ള ബെംഗളൂരുവിന്റെ തെക്കൻഭാഗത്തേക്കുള്ള ബന്ധം കൂടുതൽ വർധിപ്പിക്കാൻ ഈ പാത സഹായകമാകും. ആർ.വി. റോഡ് സ്റ്റേഷനിൽവെച്ച് ഗ്രീൻലൈനുമായും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ വെച്ച് പിങ്ക് ലൈനുമായും ബന്ധിക്കുന്നുണ്ട്. ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്സ്സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ കൊനപ്പന അഗ്രഹാര, ഹസ്കൂർ റോഡ്, ബയോകോൺ ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ. യെല്ലോ പാത 2021 ഡിസംബറിൽ പ്രവർത്തനം തുടങ്ങാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്.
മെട്രോ കോച്ചുകൾ ലഭിക്കാൻ വൈകിയതുൾപ്പെടെ വിവിധ കാരണങ്ങളാണ് ഇത്രയും നീണ്ടുപോകാൻ കാരണം. 2019-ലാണ് ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപ്പറേഷന് (സി.ആർ.ആർ.സി.) 1578 കോടി രൂപയുടെ ↑ മെട്രോ കോച്ച് നിർമാണക്കരാർ കൊടുത്തത്.
ചെന്നൈയില്‍ വാഹനപകടം, മലയാളി യുവാവിന് മരണം
കഴിഞ്ഞ ദിവസം ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ (Accident) കോഴിക്കോട് മടവൂർ സ്വദേശിയായ യുവാവ് മരിച്ചു.ടാക്സി ഡ്രൈവറായിരുന്ന മടവൂർ സി.എം മഖാമിന് സമീപത്തെ തെച്ചൻകുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ഉഷാറാണി (48), മകള്‍ സായ് മോനിഷ (4) എന്നിവരും അപകടത്തില്‍ മരിച്ചു. ഉഷാറാണിയുടെ ഭർത്താവ് ജയവേല്‍, സായ് മോനിഷയുടെ ഇരട്ട സഹോദരൻ സായ് മോഹിത് (4) എന്നിവർ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവള്ളൂരില്‍ താമസിച്ചിരുന്ന കുടുംബം ഇന്നലെ ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെഡ് ഹില്‍സ്-തിരുവള്ളൂർ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.മൂന്നു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റ ജയദേവും മകനും അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
റെഡ്ഹില്‍സ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനസിന്റെ ഭാര്യ – ഫാത്തിമ നസ്റിൻ. മക്കള്‍ – അമാന ഫാത്തിമ, തെൻഹ ഫാത്തിമ. പിതാവ് – മുഹമ്മദലി. മാതാവ് – റഹ്മത്ത്.