ബെംഗളൂരുവില്‍ വനിതാ ഡോക്ടറായ ഭാര്യയെ അനസ്‌തേഷ്യ മരുന്ന് അമിത അളവില്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍.ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തത്.കൃതികയുടെ മരണം നടന്ന് ആറു മാസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു കൃതിക ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
വീട്ടില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചുവെന്നായിരുന്നു ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണത്തിനായി ഫോറൻസിക് സംഘത്തിന്റെ സഹായം തേടി. ദമ്ബതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ കാന്യുല സെറ്റും ഇഞ്ചക്ഷൻ സെറ്റും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.
തുടർന്ന് വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. ഈ നിർണ്ണായക പരിശോധനയിലാണ് കൃതികയുടെ ശരീരത്തില്‍ അമിതമായ അളവില്‍ അനസ്‌തേഷ്യ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.രാസപരിശോധനാ ഫലത്തെത്തുടർന്ന് കൃതികയുടെ പിതാവ് മരുമകനെ സംശയിക്കുന്നുവെന്ന് കാട്ടി പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിപ്പാലില്‍ വെച്ചാണ് ഡോ. മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.
മെഡിക്കല്‍ രംഗത്തെ തന്റെ അറിവുപയോഗിച്ച് സംഭവം സ്വാഭാവിക മരണമായി വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴും മരണകാരണം സംബന്ധിച്ച് ഭർത്താവ് കൃത്യമായ വിവരങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍, നിലവില്‍ ലഭ്യമായ തെളിവുകളെല്ലാം ഭർത്താവിനെതിരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരായിരുന്ന കൃതിക റെഡ്ഡിയും മഹേന്ദ്ര റെഡ്ഡിയും 2024 മേയ് 26-നാണ് വിവാഹിതരായത്.