Home Featured രാജ്യത്തുടനീളം രാഹുലിനെതിരെ മാനനഷ്ടക്കേസുകള്‍

രാജ്യത്തുടനീളം രാഹുലിനെതിരെ മാനനഷ്ടക്കേസുകള്‍

by admin

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രാജ്യത്തുടനീളം നിലനില്‍ക്കുന്നത് നിരവധി മാനനഷ്ടക്കേസുകള്‍.

2013 മുതല്‍ 2015 വരെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയെല്ലാം തന്നെ ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസ് സഹയാത്രികരും നല്‍കിയതും.

2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോണ്‍ഗ്രസ് നേതാവിനെ രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. മോദി എന്ന കുടുംബപ്പേരുള്ളവര്‍ കള്ളന്മാരാണോ എന്ന് ചോദിച്ചതിനാണ് കേസ്. രാഹുലിന്‍റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സൂറത്തിലെ കോടതി കോണ്‍ഗ്രസ് നേതാവിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

2019

മറ്റൊരു മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പട്‌ന കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന കുടുംബപ്പേരുള്ളവര്‍ കള്ളന്മാരാണോ എന്ന് ചോദിച്ചതായിരുന്നു കേസ്. ഒരു ബി.ജെ.പി നേതാവായിരുന്നു കേസ് ഫയല്‍ ചെയ്തത്.

അഹ്മദാബാദ് ജില്ല സഹകരണ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ അഹ്മദാബാദ് കോടതി ജാമ്യം അനുവദിച്ചു. കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന അഴിമതിയില്‍ ബാങ്ക് ഉള്‍പ്പെട്ടതായി രാഹുല്‍ ആരോപിച്ചതായിരുന്നു കേസിന് ആധാരം. 2016 നവംബറിലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നായിരുന്നു രാഹുലിന്‍റെ ആരോപണം.

ഭോപ്പാലില്‍ ജനപ്രതിനിധികള്‍ക്കേതിരായ കേസുകള്‍ കൈകാര്യ ചെയ്യുന്ന പ്രത്യേക കോടതി രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ‘ബലാത്സംഗം ഇന്ത്യയില്‍’ എന്ന പരാമര്‍ശമാണ് കേസിന് നിദാനമായത്. രാഹുലിന്‍റെ പരാമര്‍ശം ഇന്ത്യക്കാരുടെ വികാരത്തെ വൃണപ്പെടുത്തുമെന്നായിരുന്നു മുകേഷ് രജാവതിന്‍റെ പരാതി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയതിനായിരുന്നു കേസ്.

2016

ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ടക്കേസില്‍ ഗുവാഹതി കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. 2015 ഡിസംബറില്‍ അസമിലെ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് തന്നെ ആര്‍.എസ്.എസ് തടഞ്ഞുവെന്ന് രാഹുല്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് കേസ്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ പറഞ്ഞതായിരുന്നു കേസിനാധാരം. കോടതിയില്‍ തന്റെ വാദം തെളിയിക്കാന്‍ രാഹുല്‍ കോടതി വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി വിധിച്ചു.

2015

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ 2015 ഡിസംബറില്‍ മാതാവ് സോണിയ ഗാന്ധിക്കൊപ്പം ജാമ്യം ലഭിച്ചു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയായിരുന്നു കുടുംബത്തിനെതിരെ കേസ് കൊടുത്തത്.

നാഷനല്‍ ഹെറാള്‍ഡ് ദിനപത്രം നടത്തുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്ബനിയെ യങ് ഇന്ത്യന്‍ ഏറ്റെടുത്തതും അതിനുശേഷമുള്ള ഇടപാടുകളുമാണ് നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഉള്‍പ്പെടുന്നത്.

മറ്റു കേസുകള്‍

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ തന്നോട് അവരുടെ പ്രയാസങ്ങള്‍ പറഞ്ഞു എന്ന് ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസ്താവനയുടെ പേരില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച്‌ 19ന് ഡല്‍ഹി പൊലീസ് സംഘം രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലെയ്‌നിലെ വസതിയില്‍ എത്തി മൊഴി രേഖപ്പെടുത്തി.

ഭാരത് ജോഡോ യാത്രയില്‍ വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെതിരെ താണെ പൊലീസ് കുറ്റം ചുമത്തി. വന്ദന ഡോംഗ്രെയുടെ പരാതിയിലാണ് 2022 നവംബറില്‍ താണെ നഗര്‍ പൊലീസ് കേസെടുത്തത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയെന്നും ബ്രിട്ടീഷുകാരില്‍നിന്ന് പെന്‍ഷന്‍ വാങ്ങാറുണ്ടായിരുന്നുവെന്നും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ പറഞ്ഞുവെന്നാണ് പരാതി.

ചോദ്യങ്ങള്‍ തുടരും; ഭയപ്പെടുത്താനാകില്ല;രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ജനാധിപത്യത്തിനായാണ് താന്‍ പോരാടുന്നതെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി.

ആജീവനാന്തം അയോഗ്യനാക്കിയാലും ജീവപര്യന്തം ജയിലിലടച്ചാലും പോരാട്ടം തുടരുകതന്നെ ചെയ്യും. ലോക്സഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

ലണ്ടന്‍ പ്രസംഗത്തിലും മാനനഷ്ടക്കേസിലും മാപ്പുപറയുമോ എന്നചോദ്യത്തിന് അതിന് തന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധി എന്നാണെന്നും ഗാന്ധി ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. വാര്‍ത്തസമ്മേളനത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചു. നരേന്ദ്ര മോദിതന്നെയാണ് അദാനി. മോദി അദാനിയെ സംരക്ഷിക്കുന്നത് അതിനാലാണ്. പാര്‍ലമെന്‍റില്‍ താന്‍ അടുത്തതായി എന്താണ് പറയാന്‍പോകുന്നതെന്ന് ഓര്‍ത്ത് മോദിക്ക് പേടിയാണ്. അയോഗ്യനാക്കിയതിന്‍റെ കാരണവുമതാണ്. മോദിയുടെ കണ്ണുകളിലെ ഭയം നേരിട്ടുകണ്ടതാണ്. അതുകൊണ്ടുതന്നെയാണ് പാര്‍ലമെന്‍റിനുള്ളില്‍ തന്നെ സംസാരിക്കാന്‍ അവര്‍ അനുവദിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു.

‘ഞാനൊരറ്റ ചോദ്യമേ ചോദിച്ചുള്ളൂ. അദാനിക്ക് ധാരാളം വ്യാജ കമ്ബനികളുണ്ട്. 20,000 കോടിയോളം രൂപയാണ് ഈ കമ്ബനികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത് അദാനിയുടെ പണവുമല്ല. അപ്പോള്‍ പിന്നെ ആ പണം മുഴുവന്‍ ആരുടേതാണ്? അദാനിയും മോദിയുമായുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവ് പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വെച്ചിരുന്നു. അദാനിക്ക് വിമാനത്താവളങ്ങള്‍ പതിച്ചുനല്‍കുന്നതിനുവേണ്ടി നിയമങ്ങള്‍ എങ്ങനെയൊക്കെ ഭേദഗതിചെയ്തു എന്നു വിശദീകരിച്ച്‌ ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഒരു പ്രതികരണവുമുണ്ടായില്ല. പകരം എന്‍റെ പ്രസംഗം ലോക്‌സഭയുടെ രേഖകളില്‍നിന്ന് നീക്കംചെയ്യുകയാണുണ്ടായത്.

ബി.ജെ.പി മന്ത്രിമാര്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിപറയാന്‍ അവസരം തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറെ കണ്ട് നേരിട്ട് ചോദിച്ചപ്പോള്‍ നിങ്ങളെ സംസാരിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി’ എന്നും രാഹുല്‍ വ്യക്തമാക്കി.

‘അയോഗ്യതയടക്കം ബി.ജെ.പി മന്ത്രിമാരും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അദാനി വിഷയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ്. അവരെ സംബന്ധിച്ച്‌ രാജ്യം എന്നുവെച്ചാല്‍ അദാനിയും അദാനി എന്നാല്‍ രാജ്യവുമാണ്. ഞാന്‍ എല്ലാക്കാലത്തും സാഹോദര്യത്തെക്കുറിച്ച്‌ സംസാരിക്കുന്ന വ്യക്തിയാണ്. ഞാന്‍ പറഞ്ഞത് ഒ.ബി.സി വിഭാഗത്തെക്കുറിച്ചല്ല. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് മുമ്ബ് പലതവണ പറഞ്ഞു. ഇതിന് ഓരോ ദിവസവും ഉദാഹരണങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.

രാജ്യത്തെ സംവിധാനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷത്തിനൊപ്പമില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇന്ത്യക്കാരുടെ ജനാധിപത്യത്തിന്റെ ശബ്ദത്തിനുവേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. യാതൊരു ഭീഷണിയും പ്രശ്നമല്ല. ‘അവര്‍ക്ക്’ ഇതുവരെ എന്നെ മനസിലായിട്ടില്ല. എനിക്കവരെ ഭയമില്ല. പോരാട്ടം തുടരും’. – രാഹുല്‍ വിശദീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group