Home Featured കഫ് സിറപ്പ് മരണം ഉയരുന്നു; മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് കുട്ടികള്‍ കൂടി മരിച്ചു

കഫ് സിറപ്പ് മരണം ഉയരുന്നു; മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് കുട്ടികള്‍ കൂടി മരിച്ചു

by admin

കോള്‍ഡ്റിഫ് കഫ് സിറപ്പ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു.ഇതോടെ ആകെ മരണം 14 ആയി. മധ്യപ്രദേശില്‍ 11ഉം രാജസ്ഥാനില്‍ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശിലെ മരണമേറെയും ചിന്ദ്വാഡയിലാണ്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ചതോടെ കുട്ടികളെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരുടെ വൃക്കകള്‍ തകരാറിലായതായും കോള്‍ഡ്‌റിഫില്‍ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയില്‍ വ്യക്തമായി. മരുന്നിന്റെ സാമ്ബിളുകളില്‍ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒപ്പം എഞ്ചിൻ ഓയിലുകളും അടങ്ങിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.മധ്യപ്രദേശില്‍ കുട്ടികള്‍ക്ക് കോള്‍ഡ്റിഫ് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിലായിട്ടുണ്ട്. പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീണ്‍ സോണിയാണ് പിടിയിലായത്.

നിരോധിച്ച ശേഷവും ഡോക്ടർ ഈ മരുന്ന് കുട്ടികള്‍ക്ക് നിർദേശിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ്. കഫ് സിറപ്പ് കഴിച്ച്‌ മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്‍ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണത്തിന് കാരണമായ കോള്‍ഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കല്‍സിനെതിരെ മധ്യപ്രദേശ് സർക്കാർ‌ കേസെടുത്തിട്ടുണ്ട്.മധ്യപ്രദേശിനെ കൂടാതെ, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങളും കോള്‍ഡ്‌റിഫ് നിരോധിച്ചിട്ടുണ്ട്.

ജയ്പൂർ ആസ്ഥാനമായുള്ള കമ്ബനിയായ കെയ്‌സണ്‍സ് ഫാർമ നിർമിക്കുന്ന മരുന്നുകളുടെ വിതരണം രാജസ്ഥാനില്‍ ‌നിർത്തിവച്ചതായും സംസ്ഥാന ഡ്രഗ് കണ്‍ട്രോളറെ സസ്‌പെൻഡ് ചെയ്തതായും ‌അധികൃതർ അറിയിച്ചു. രാജസ്ഥാനില്‍ സർക്കാരിനായി കെയ്‌സണ്‍സ് ഫാർമ പുറത്തിറക്കിയ ഡിക്‌സ്‌ത്രോമെതോർഫൻ ഹൈഡ്രോബ്രോമൈഡ് സംയുക്തമടങ്ങിയ സിറപ്പ് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്.കോള്‍ഡ്റിഫ് മരുന്ന് കഴിച്ച്‌ അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് കഴിച്ചുള്ള മരണത്തില്‍ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തില്‍തന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന ആരോപണം ശക്തമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group