പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ച് മുറിയിലെ ഫർണിച്ചർ – ഇലക്ട്രോണിക് സാമഗ്രികൾ കത്തിനശിച്ചു. പൊൽപ്പുള്ളി സ്വദേശി ഷിജുവിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. സാംസംഗ് A03core എന്ന ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറയുന്നു. ഷിജുവിൻ്റെ സുഹൃത്ത് മോഹനൻ ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും വാങ്ങിയതാണ് ഫോണ്‍.
രണ്ടാമത് ചാർജ് ചെയ്തപ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ച് കിടക്കയിലേക്ക് വീണതെന്ന് ഷിജു പറയുന്നു. തുടർന്ന് മുറിയിലുണ്ടായിരുന്ന കിടക്ക, ടിവി, ഹോം തിയ്യറ്റർ സിസ്റ്റം, അലമാര തുടങ്ങിയ സാമഗ്രികളെല്ലാം കത്തിനശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ ചിറ്റൂർ പൊലീസിൽ പരാതി നൽകിയതായി ഷിജു അറിയിച്ചു.