കർണാടകയില്‍ കുടിവെള്ളത്തെ തുടർന്നുണ്ടായ തർക്കത്തില്‍ വിവാഹം മുടങ്ങി. വിവാഹത്തിന് മുമ്ബുള്ള അത്താഴ വിരുന്നിനിടെ കുടിവെള്ളം ശരിയായി വിതരണം ചെയ്തില്ല എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഹിരിയൂർ നഗരത്തില്‍ ഞായറാഴ്ച നടക്കാനിരുന്ന വിവാഹം റദ്ദാക്കിയത്.ദാവണഗെരെ ജില്ലയിലെ ജഗലൂരില്‍ നിന്നുള്ള യുവാവിന്‍റെയും തുംകൂർ ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയില്‍ നിന്നുള്ള യുവതിയുടെയും വിവാഹത്തിന് മുമ്ബുള്ള വിവാഹ സല്‍ക്കാരം ശനിയാഴ്ച രാത്രിയാണ് നടന്നത്.
കാറ്ററിങ് ജീവനക്കാർ കുടിവെള്ളം ശരിയായി വിതരണം ചെയ്യാത്തതില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ക്കിടയില്‍ തർക്കം ഉണ്ടാകുകയായിരുന്നു.ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഞായറാഴ്ച രാവിലെ 10.30 നായിരുന്നു വിവാഹത്തിനുള്ള മുഹൂർത്തം. നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഒടുവില്‍, വധൂവരന്മാർ തമ്മിലും വഴക്കുണ്ടായതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.
വധുവാണ് വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം. വരന്റെ കുടുംബം ആവർത്തിച്ച് അഭ്യർഥിച്ചിട്ടും വധു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്ബനിയില്‍ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നവരാണ് വധുവും വരനും.
ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാര്‍ പുഴയില്‍ വീണു; അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവില്വാമലയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴയില്‍ വീണു. യാത്രക്കാരായ അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മുപ്പത് മീറ്റര്‍ താഴ്ചയിലേയ്ക്കാണ് കാര്‍ വീണത്. തിരുവില്വാമലകൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെ സഞ്ചരിച്ച കാര്‍ ഗായത്രിപ്പുഴയിലാണ് വീണത്.മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍, സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
കുത്താമ്ബുള്ളി നെയ്ത്തുഗ്രാമത്തില്‍നിന്ന് വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.ഗൂഗിള്‍മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ തിരുവില്വാമല ഭാഗത്തുനിന്ന് ചെക്ക് ഡാമിലേക്കിറങ്ങിയ കാര്‍ ദിശതെറ്റി പുഴയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് പുഴയിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാര്‍ വീണ ഭാഗത്ത് അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു.