ബംഗളൂരു: കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 32കാരന്‍ ആത്മഹത്യ ചെയ്തു. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പറേഷനിലെ കരാര്‍ തൊഴിലാളിയായ ജൂനിയര്‍ അസിസ്റ്റന്റ് സുപ്രീതിനെയാണ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സുപ്രീത് ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുകയായിരുന്നു.രാത്രി ഒരു മണിയോടെ മുറിയില്‍ നിന്ന് വെള്ളം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അകത്ത് കടക്കുകയായിരുന്നു.
അപ്പോള്‍ ശുചിമുറിയില്‍ മരിച്ചുകിടക്കുകയായിരുന്നു സുപ്രീത്. സുപ്രീത് വിഷം കഴിച്ചതിന് ശേഷം ശുചിമുറിയില്‍ പോയതാകാമെന്നും അവിടെയെത്തി പെപ്പ് അടക്കുന്നതിന് മുൻപ് കുഴഞ്ഞുവീണിരിക്കാമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. തന്റ കാമുകിയുമായുള്ള ലൈംഗിക വിഡിയോകള്‍ പണം നല്‍കിയില്ലെങ്കില്‍ പുറത്തുവിടുമെന്ന് ഇവര്‍ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.