മുംബൈ: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയടിച്ചു.റണ്‍വേയിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച് പറന്നുയരാന്‍ തൊട്ടുമുന്‍പാണ് വിമാനത്തില്‍ പക്ഷിയടിച്ചത്. ഇതേത്തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തിരമായി ബേയിലേക്ക് തിരികെ ഇറക്കുകയായിരുന്നു.തിരികെ എത്തിച്ച വിമാനത്തിന്റെ ഇരു എഞ്ചിനുകളും സാങ്കേതിക വിദഗ്ധര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ വിമാനത്തിന് തകരാറുകള്‍ ഒന്നും ഇല്ലെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടരാന്‍ അനുമതി നല്‍കിയത്. ഈ സാങ്കേതിക പരിശോധനകള്‍ക്കായി വിമാനം ഒരു മണിക്കൂറിലധികം റണ്‍വേയില്‍ വൈകി.ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാര് നല്കുന്ന വിവരമനുസരിച്ച്, ഇന്‍ഡിഗോ വിമാനം വൈകുന്നേരം 7:04-നാണ് ബെംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്.എന്നാല്‍ ഈ അപകടത്തെത്തുടര്‍ന്ന് രാത്രി 8:46-ഓടെയാണ് വിമാനത്തിന് മുംബൈയിലേക്ക് പറന്നുയരാന്‍ സാധിച്ചത്. സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ അധികൃതരുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.