ബംഗളൂരു: ബൈക്കില്‍ മൂന്നുപേരുമായി സഞ്ചരിച്ചതിന് ഈ വർഷം രജിസ്റ്റർ ചെയ്തത് 1,49,694 കേസുകള്‍. 49,76,400 രൂപയാണ് ഇത്രയും കേസുകളില്‍ നിന്നായി പിഴയായി ഈടാക്കിയത്.കഴിഞ്ഞ വർഷം 1,17,738 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ബൈക്കില്‍ മൂന്നു പേരുമായി സഞ്ചരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഹെല്‍മറ്റ് ധരിക്കാറില്ലെന്ന് ട്രാഫിക് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ബി.ജി.എസ് ഫ്ലൈ ഓവറില്‍ മൂന്നുപേരുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 19കാരനായ ബി.ബി.എ വിദ്യാർഥി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനടക്കമാണ് പൊലീസ് കേസെടുത്തത്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ നഗരത്തില്‍ വ്യാപകമാണെന്നാണ് സിറ്റി പൊലീസ് പറയുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ തടയാൻ എ.ഐ കാമറകള്‍ കൂടുതലായി ഉപയോഗിക്കാൻ പോവുകയാണെന്ന് ഈസ്റ്റ് ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ കുല്‍ദീപ് കുമാർ പറഞ്ഞു. നിയമലംഘനങ്ങള്‍ കാമറയില്‍ പതിഞ്ഞാല്‍ വാഹനമുടമകള്‍ക്ക് നേരിട്ട് ചലാൻ അയക്കാൻ ഇതോടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെടുത്ത കേസുകളുടെ എണ്ണവും ഈ വർഷം വർധിച്ചിട്ടുണ്ട്. ഒരു ദിവസംതന്നെ ഒരേ കുറ്റകൃത്യത്തിന് വ്യത്യസ്ത സമയങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഓരോന്നിനും പിഴയീടാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഉമ തോമസ് എം.എല്‍.എക്ക് പരിക്കേറ്റ സംഭവം; വേദി നിര്‍മിച്ചതില്‍ സുരക്ഷാ വീഴ്ച, കേസെടുത്ത് പൊലീസ്
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എല്‍ പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.നൃത്ത പരിപാടി സംഘടിപ്പിച്ചതില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്.ഐ.ആർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തു. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവ സ്ഥലത്ത് ഡോക്ടർമാരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
ഗുരുതര പരുക്കേറ്റ എം.എല്‍.എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. വീഴ്ചയില്‍ തലക്ക് പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടർന്ന് ശ്വാസകോശത്തിലും മുറിവുണ്ട്. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാര്‍ അറിയിച്ചു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെയാണ് ഉമ തോമസിന് പരിക്കേറ്റത്. കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തില്‍ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്തപരിപാടി.
സ്റ്റേഡിയത്തില്‍ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എല്‍.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. സുരക്ഷയുടെ ഭാഗമായി റിബണ്‍ കോർത്തായിരുന്നു ഗാലറിയില്‍ നിന്ന് താഴേക്കുള്ള ഭാഗത്തെ വേർതിരിച്ചിരുന്നതെന്നാണ് സൂചന.