ബെംഗളൂരു: രാജ്യത്തെ ആദ്യ എഐ സിറ്റി പദ്ധതി ബെംഗളൂരുവിനോട് ചേർന്ന ബിഡദിയില് ഉയരുമെന്ന റിപ്പോർട്ടുകള് പുറത്തുവന്നുകഴിഞ്ഞു.ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്ഷിപ്പ് അല്ലെങ്കില് ജിബിഐടി എന്നറിയപ്പെടുന്ന നിർദിഷ്ട ബിഡദി സ്മാർട്ട് സിറ്റി പദ്ധതി രാമനഗര, ഹരോഹള്ളി താലൂക്കുകളിലെ ഒൻപത് ഗ്രാമങ്ങളിലായി ഏകദേശം 7,500 ഏക്കറില് വ്യാപിച്ചുകിടക്കുന്ന 18,000 കോടിയുടെ പദ്ധതിയാണ്.രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിന്റെ വികാസത്തിനും വർധിച്ചുവരുന്ന അടിസ്ഥാന സൗകര്യ സമ്മർദങ്ങള്ക്കും പരിഹാരമായി കർണാടക സർക്കാർ കാണുന്ന പദ്ധതിയാണ് ബിഡദിയി എഐ സിറ്റി. സാങ്കേതികവിദ്യ, വ്യവസായം, ആധുനിക അടിസ്ഥാന സൗകര്യങ്ങള് എന്നിവ അടിസ്ഥാനമാക്കിയാകും പദ്ധതി.
കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പദ്ധതിയെ ഇന്ത്യയിലെ ആദ്യ എഐ സിറ്റി എന്ന് വിശേഷിപ്പിച്ചിരുന്നു.എന്നാല് ബെംഗളൂരു നഗരത്തിൻ്റെ വളർച്ചയ്ക്ക് കരുത്ത് പകരുന്ന ബിഡദി പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കർഷകരില് നിന്നും പ്രദേശവാസികളില് നിന്നുമാണ് പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്നത്. പദ്ധതിക്കായി കൃഷിഭൂമി നഷ്ടമാകുന്നുവെന്നും ഈ സാഹചര്യം ഉപജീവനമാർഗം, പ്രാദേശിക പരിസ്ഥിതി എന്നിവയെ ബാധിക്കുമെന്നും കർഷകർ വാദിക്കുന്നു.പദ്ധതിയുമായി മുന്നോട്ട് പോയാല് 5,000ത്തോളം കൃഷിക്കാരെ ബാധിക്കുമെന്ന് കർഷകർ ആരോപിച്ചു. ഭൂമി ഏറ്റെടുക്കല്, ഏക്കറിന് 2.5 കോടി രൂപ വരെ നഷ്ടപരിഹാരം നല്കും എന്നതടക്കമുള്ള കാര്യങ്ങളില് കർഷകർ ചോദ്യം ഉന്നയിക്കുന്നുണ്ട്. കർണാടക മാത്രമല്ല ഇന്ത്യയിലുടനീളമുള്ള അതിവേഗം വളരുന്ന നിരവധി പ്രദേശങ്ങള് നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണിതെന്ന് കർഷകർ അവകാശപ്പെടുന്നുണ്ട്.
ജിബിഐടി പദ്ധതി എന്താണ്?ബെംഗളൂരുവില് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ബിഡദിക്കടുത്ത് ആസൂത്രണം ചെയ്തിരിക്കുന്ന ഒരു നിർദിഷ്ട സംയോജിത ടൗണ്ഷിപ്പാണ് ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്ഷിപ്പ് (ജിബിഐടി). ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ എഐ – പവർഡ് ടൗണ്ഷിപ്പ് എന്നാണ് കർണാടക സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഏകദേശം 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി രാമനഗര, ഹരോഹള്ളി താലൂക്കുകളിലെ ഒൻപത് ഗ്രാമങ്ങളെ ഉള്ക്കൊള്ളുന്ന ഏകദേശം 7,500 ഏക്കറില് ആസൂത്രണം ചെയ്തിട്ടുണ്ട്. ആസൂത്രിതവും സുസ്ഥിരവുമായ നഗരവികസനത്തിലൂടെ ജനസംഖ്യയും സാമ്പത്തിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുകയും അതുവഴി ബെംഗളൂരു നഗരത്തിലെ സമ്മർദ്ദം ലഘൂകരിക്കുക എന്നതാണ് ടൗണ്ഷിപ്പിന്റെ ഉദ്ദേശ്യമെന്ന് സംസ്ഥാന സർക്കാർ പറയുന്നു.ബെംഗളൂരുവിന്റെ ഭാവി വളർച്ചാ ആവശ്യകതകളെ പിന്തുണയ്ക്കാൻ കഴിവുള്ള ഒരു ആധുനിക നഗര കേന്ദ്രമായി പ്രവർത്തിക്കാനാണ് ജിബിഐടി പദ്ധതിയുടെ വികസനം ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.