Home കർണാടക ബെംഗളൂരു നഗരത്തിലെ വിശ്വാസം പരീക്ഷിച്ച്‌ സംരംഭകൻ: ഹെല്‍മെറ്റ് ലോക്ക് ചെയ്യാതെയായിട്ട് അഞ്ച് വര്‍ഷം

ബെംഗളൂരു നഗരത്തിലെ വിശ്വാസം പരീക്ഷിച്ച്‌ സംരംഭകൻ: ഹെല്‍മെറ്റ് ലോക്ക് ചെയ്യാതെയായിട്ട് അഞ്ച് വര്‍ഷം

by ടാർസ്യുസ്

ബെംഗളൂരു നഗരത്തിലെ ജനങ്ങളുടെ സത്യസന്ധതയും പരസ്പര വിശ്വാസവും അളക്കാൻ ഒരു വ്യത്യസ്തമായ സാമൂഹിക പരീക്ഷണം നടത്തിയിരിക്കുകയാണ് ഒരു സംരംഭകൻ.ഭാരത് അഗ്രി സ്ഥാപകനും സിഇഒയുമായ സിദ്ധാർത്ഥ് ഡയാനിയും ഭാര്യയുമാണ് കഴിഞ്ഞ അഞ്ച് വർഷമായി ഈ കൗതുകകരമായ പരീക്ഷണം നടത്തിവരുന്നത്. തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാർക്ക് ചെയ്യുമ്പോള്‍, ഹെല്‍മെറ്റ് ലോക്ക് ചെയ്യാതെ വാഹനം ഓടിക്കുന്നതിനായി സീറ്റിലോ മിററിലോ വെക്കുകയാണ് ഇവർ ചെയ്യുന്നത്.തികച്ചും ലളിതവും എന്നാല്‍ അർത്ഥവത്തായതുമായ ഈ പരീക്ഷണം, ബെംഗളൂരു ഒരു ‘ഹൈ-ട്രസ്റ്റ്’ നഗരമാണോ എന്ന് മനസ്സിലാക്കാനാണ് തങ്ങള്‍ നടത്തുന്നതെന്ന് സിദ്ധാർത്ഥ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അഞ്ച് വർഷം പിന്നിട്ടിട്ടും തങ്ങളുടെ ഹെല്‍മെറ്റ് ഒരിക്കല്‍ പോലും മോഷണം പോയിട്ടില്ലെന്ന സന്തോഷകരമായ വാർത്തയാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒരുപക്ഷേ, ഹെല്‍മെറ്റ് മോഷണം പോകുന്ന ദിവസം ആ പ്രദേശത്തേക്കുള്ള യാത്ര തങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. ബെംഗളൂരു നഗരത്തിലെ ജനങ്ങളുടെ വിശ്വാസ്യതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തങ്ങളും സമാനമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും, വാഹനത്തിന്റെ താക്കോല്‍ പോലും അബദ്ധത്തില്‍ വണ്ടിയില്‍ വെച്ച്‌ മറന്നപ്പോള്‍ തിരികെ എത്തിയപ്പോഴും അത് സുരക്ഷിതമായിരുന്നു എന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ ജീവിതനിലവാരത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ കാരണം മോഷണത്തിനുള്ള പ്രവണത കുറവാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

അതേസമയം, ചിലർ ഈ പരീക്ഷണത്തെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. വിലകൂടിയ ഹെല്‍മെറ്റുകള്‍ ഉപയോഗിച്ച്‌ ഈ പരീക്ഷണം നടത്തി നോക്കൂ എന്നാണ് അവരുടെ വെല്ലുവിളി. നഗരത്തിലെ തിരക്കേറിയതും ദരിദ്രവുമായ ചില പ്രദേശങ്ങളില്‍ പരീക്ഷണം നടത്തിയാല്‍ ഫലം മാറിമറിയാൻ സാധ്യതയുണ്ടെന്നും ചിലർ മുന്നറിയിപ്പ് നല്‍കുന്നു. വിമർശനങ്ങള്‍ എന്തുതന്നെയായാലും, ബെംഗളൂരു നഗരത്തിലെ ജനങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള ഈ ചർച്ച സോഷ്യല്‍ മീഡിയയില്‍ വലിയൊരു സംവാദത്തിന് തന്നെ തുടക്കമിട്ടിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group