ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ച് നഗര കോർപ്പറേഷനുകളിലായി കണ്ടെത്തിയ റോഡിലെ കുഴികളില്‍ ഏകദേശം 74 ശതമാനവും അടച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി.കർണാടക ഹൈക്കോടതിയെയാണ് ജിബിഎ ഇക്കാര്യം അറിയിച്ചത്. കണ്ടെത്തിയ 10,000ത്തിലധികം കുഴികളില്‍ ഏകദേശം 2600 എണ്ണം ഇപ്പോഴും അറ്റകുറ്റ പണികള്‍ നടത്തേണ്ടതുണ്ട്.ചീഫ് ജസ്റ്റിസ് വിഭു ബഖ്റു, ജസ്റ്റിസ് കെഎസ് ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് ജിബിഎ ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജിബിഎ ആവശ്യപ്പെട്ടു. എന്നാല്‍ സത്യവാങ്മൂലം നല്കാൻ ജൂലൈയില്‍ തന്നെ അവസാന അവസരം നല്‍കിയിരുന്നുവെന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.
ജിബിഎയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ വരെ ബെംഗളൂരുവില്‍ ഏകദേശം 1,02,022 റോഡ് കുഴികള്‍ കണ്ടെത്തിയിരുന്നു. പ്രധാന റോഡുകളിലെയും ആർട്ടീരിയല്‍ റോഡുകളിലെയും കുഴികള്‍ അടയ്ക്കണമെന്നും മഴവെള്ളം ഒഴുകുന്ന ഓടകളിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിജയൻ മേനോനും മറ്റ് ചിലരും 2015ല്‍ നല്കിയ പൊതുതാല്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.റോഡിലെ കുഴികള്‍ മൂലം ഉണ്ടായ അപകടങ്ങളില്‍ മരണങ്ങളും പരിക്കുകളും സംഭവിച്ചതുമായി ബന്ധപ്പെട്ട് എത്ര എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അടുത്ത വാദത്തിനിടെ അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വാക്കാല്‍ നിർദേശിച്ചു. കേസ് സെപ്റ്റംബർ 16ന് വീണ്ടും പരിഗണിക്കും.2024 സെപ്റ്റംബറില്‍, റോഡുകളിലെ കുഴികള്‍ കണ്ടെത്താനും അവ അടയ്ക്കാനും റോഡുകള്‍ സുരക്ഷിതമായി പരിപാലിക്കാനും ഓരോ വർഷവും സ്വീകരിക്കുന്ന സംവിധാനത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ സമർപ്പിക്കാൻ അന്നത്തെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
പിന്നീട് ബിബിഎംപിയ്ക്ക് പകരം ജിബിഎ നിലവില്‍ വന്നു.ബെംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയും കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും തുടർച്ചയായി ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തിലാണ് ഇടപെടല്‍. ഏറ്റവും ഒടുവിലുണ്ടായ സംഭവത്തില്‍ മലയാളിയായ 32കാരി ഹെബ്ബഗോഡിയില്‍ മരിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി കുഴി ഒഴിവാക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ യുവതി സുഹൃത്തിനൊപ്പമാണ് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നത്. കുഴി ഒഴിവാക്കുന്നതിനിടെ വാഹനം ഓടിച്ചിരുന്നയാള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ എത്തിയ വാഹനം യുവതിയുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. ഇതോടെ പ്രതിഷേധം ശക്തമാവുകയാണ്.