കർണാടകയില്‍ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കേസെടുത്തവരില്‍ കൂടുതല്‍ പേർ ബംഗളൂരുവില്‍നിന്ന്. മുഖ്യമന്ത്രി സിദ്ധരാമയ്യ ലജിസ് ലേറ്റിവ് കൗണ്‍സിലില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 2021നും 2024നുമിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തയും തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിച്ചതിന് എടുത്ത 247 കേസുകളില്‍ 99 എണ്ണവും ബംഗളൂരുവിലാണ്.ബംഗളൂരു സിറ്റി – 99, ഉത്തര കന്നട – 45, കുടക് – 14, ശിവമൊഗ്ഗ – 10, മംഗളൂരു സിറ്റി – 6, മൈസൂരു സിറ്റി – 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കേസുകളുടെ എണ്ണം. സാമൂഹിക ഐക്യം തകർക്കുന്ന ഹാനികരമായ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹ മാധ്യമ നിരീക്ഷണം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി ജില്ല – പൊലീസ് സ്റ്റേഷൻ തലങ്ങളില്‍ സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ പ്രവർത്തനമാരംഭിക്കും.പ്രകോപനപരമായ സന്ദേശങ്ങളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും കുറ്റവാളികളെ നിരീക്ഷിക്കാനും നടപടിയെടുക്കാനും ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ പൊതുജനങ്ങളെയും പൊലീസുകാരെയും ഉള്‍പ്പെടുത്തി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക വാട്സ്‌ആപ് ഗ്രൂപ്പുകളും രൂപവത്കരിച്ചിട്ടുണ്ട്. പൗരന്മാർ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു.