പുതുവത്സരാഘോഷങ്ങളുടെ തിരക്കിലേയ്ക്ക് നീങ്ങുകയാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ ബെംഗളൂരു. അതിനാല്‍ തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ബെംഗളൂരു പൊലീസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു സുരക്ഷ ഉറപ്പാക്കാനും കാല്‍നടയാത്ര കൂടുതലുള്ള പ്രദേശങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനും പൊലീസ് ലക്ഷ്യമിടുന്നു. പുലര്‍ച്ചെ 1:00 മണി വരെ ആഘോഷങ്ങള്‍ അനുവദനീയമാണ്. പൊതുജനങ്ങള്‍ ഈ സമയ പരിധി പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു.
എംജി റോഡ്, ബ്രിഗേഡ് റോഡ് ജംക്ഷന്‍, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ പ്രധാന ഒത്തുചേരല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. രാത്രിയില്‍ ലൈറ്റിംഗ്, ബാരിക്കേഡിംഗ്, മെട്രോ സര്‍വീസുകള്‍ എന്നിവ ഏകോപിപ്പിക്കുന്നതിന് മെട്രോയുമായി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എംജി റോഡിലും ബ്രിഗേഡ് റോഡിലും പ്രതീക്ഷിക്കുന്ന ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഒരു വണ്‍-വേ കാല്‍നട സംവിധാനം നിലവിലുണ്ട്. ആളുകള്‍ക്ക് കാവേരി എംപോറിയം മുതല്‍ ഓപ്പറ ജംഗ്ഷന്‍ വരെ നടക്കാം. ആശയക്കുഴപ്പമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാന്‍ ആഘോഷവേളയില്‍ മുഖംമൂടി ധരിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.
എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങളും വാഹനങ്ങളും വലിയ തോതില്‍ തടിച്ചുകൂടുന്നതിനാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി നഗരത്തിലുടനീളമുള്ള മാളുകള്‍ക്കും പാര്‍ട്ടി സോണുകള്‍ക്കും സമീപം തന്ത്രപരമായി പിക്കറ്റുകള്‍ സ്ഥാപിക്കും. സെന്‍ട്രല്‍ ഡിവിഷന്‍, ബ്രിഗേഡ് റോഡ്, എംജി റോഡ്, ഓപ്പറ ജംക്ഷന്‍, റസിഡന്‍സി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാര്യമായ പൊലീസ് സാന്നിധ്യം കാണപ്പെടും. അഞ്ച് ഡിസിപിമാരും 18 എസിപിമാരും 41 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 2,572 ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കും.