ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിന് കരുത്ത് പകരാൻ സാധിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പ്രോജക്‌ട് (ബിഎസ്‌ആർപി) നടപടികള്‍ അതിവേഗത്തില്‍.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡ് (കെ – റൈഡ്) ബെന്നിഗനഹള്ളി – ചിക്കബനവര (മല്ലിജ് ലൈൻ) ഇടനാഴിയിലെ മൂന്ന് സിവില്‍ പാക്കേജുകളില്‍ രണ്ടെണ്ണത്തിനുള്ള കരാർ നല്‍കി.148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്ക് 2020 ഒക്ടോബറില്‍ കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിരുന്നു.2026 ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. 2022 ജൂണില്‍ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ഇടനാഴികളുള്ള പദ്ധതി 40 മാസത്തിനുള്ളില്‍ പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നു.
പാക്കേജ് 3നായി (യശ്വന്ത്പൂർ – ചിക്കബനവര) പിജെബി എഞ്ചിനീയേഴ്‌സിന് 106.29 കോടി രൂപയ്ക്കാണ് കരാർ നല്‍കിയത്. പാക്കേജ് 2 (ബെന്നിഗനഹള്ളി – ഹെബ്ബാല്‍) പിജെബി എഞ്ചിനീയേഴ്‌സ് – സിവിസിസി സംയുക്ത സംരംഭത്തിന് 263.49 കോടി രൂപയ്ക്ക് കരാൻ നല്‍കി. പാക്കേജ് 1 (ബെന്നിഗനഹള്ളി – ഷെട്ടിഹള്ളി) വീണ്ടും ടെൻഡർ ചെയ്യും. എൻസിസിയില്‍ നിന്ന് 1,085 കോടി രൂപയ്ക്ക് ഒരു ബിഡ് മാത്രം ലഭിച്ചതിനെത്തുടർന്ന് പുതിയ ബിഡുകള്‍ ക്ഷണിക്കാൻ കെ – റൈഡ് തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.ബെന്നിംഗനഹള്ളിക്കും ചിക്കബനവാരയ്ക്കും ഇടയിലുള്ള എലിവേറ്റഡ് നിർമാണം യശ്വന്ത്പൂരിലെ സങ്കീർണമായ ഡബിള്‍ ഡെക്കർ ഘടന എന്നിവ പാക്കേജ് 1 ഉള്‍പ്പെടുന്നതാണ്. ലോട്ടെഗൊല്ലഹള്ളിക്കും യശ്വന്ത്പൂരിനും ഇടയിലുള്ള 1.2 കിലോമീറ്റർ ദൂരത്തില്‍ ലെവല്‍ 1 ബിബിഎംപി റോഡ് ഫ്ലൈഓവറും ലെവല്‍ 2 സബർബൻ റെയില്‍ ട്രാക്കുകളും ഉള്ള ഡബിള്‍ ഡെക്കർ വയഡക്റ്റിന്റെ രൂപകല്‍പ്പനയും നിർമാണവും ഇതില്‍ ഉള്‍പ്പെടുന്നു.
കർണാടക സർക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള സംയുക്ത സംരംഭമായ കെ റൈഡ് – ലാർസണ്‍ ആൻഡ് ട്യൂബ്രോ (എല്‍ ആൻഡ് ടി) മുൻ കരാറില്‍ നിന്ന് പിന്മാറിയതിന് ശേഷം – നവംബറില്‍ മല്ലിജ് ലൈനിന്റെ (ഇടനാഴി 2) ടെൻഡറുകള്‍ വീണ്ടും ക്ഷണിച്ചിരുന്നു. 859.97 കോടിയുടെ കരാർ എല്‍ ആൻഡ് ടി സ്വന്തമാക്കുകയും ചെയ്തു.നവംബർ നാലിന് എല്‍ആൻഡ്ടിയുടെ കരാറുകള്‍ അവസാനിപ്പിച്ചതിനെത്തുടർന്ന് മല്ലിജ് ലൈനിലെ സിവില്‍ ജോലികള്‍ക്കായി കെ – റൈഡ് പുതിയ ടെൻഡറുകള്‍ ക്ഷണിച്ചു. കർണാടക ചീഫ് സെക്രട്ടറി അധ്യക്ഷനായ കെ – റൈഡ് ബോർഡ്, മല്ലിജ് ലൈനിനും കനക ലൈനിനും (ഹീലാലിഗെ-രാജനകുണ്ടെ) റീ – ടെൻഡർ ചെയ്യാൻ എംഡിയെ അധികാരപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഭൂമി കൈമാറ്റത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി എല്‍ആൻഡ്ടിയുമായി തർക്കം ഉടലെടുത്തതോടെ 25 കിലോമീറ്റർ മല്ലിജ് ലൈനിന്റെയും 46 കിലോമീറ്റർ കനക ലൈനിന്റെയും പണി 2025 മാർച്ചില്‍ നിർത്തിവക്കുകയായിരുന്നു.
കനക ലൈനിലെ സിവില്‍ ജോലികള്‍ക്കുള്ള ടെൻഡറുകള്‍ ഇതുവരെ വീണ്ടും ക്ഷണിച്ചിട്ടില്ല. കനക ലൈൻ (ഹീലാലിഗെ – രാജനകുണ്ടെ) നാല് പാക്കേജുകളായി തിരിച്ചിട്ടുണ്ട്. ബെന്നിംഗനഹള്ളി – ജക്കൂർ, ഹീലാലിഗെ – ബെല്ലാന്തൂർ, ബെല്ലന്ദൂർ – ബെന്നിംഗനഹള്ളി, ജക്കൂർ – രാജനകുണ്ടെ. സോളദേവനഹള്ളിയിലെ ഡിപ്പോയ്ക്കുള്ള ടെൻഡർ ഇതുവരെ തീരുമാനിച്ചിട്ടില്ല.കോറിഡോർ 1 (സാംപിജ് ലൈൻ: കെഎസ്‌ആർ ബെംഗളൂരു സിറ്റി – ദേവനഹള്ളി) യ്ക്ക് റെയില്‍വേ അലൈൻമെന്റ് അംഗീകരിച്ചിട്ടുണ്ട്. കെഎസ്‌ആർ ബെംഗളൂരു സിറ്റി മുതല്‍ യെലഹങ്ക വരെയും യെലഹങ്ക മുതല്‍ ദേവനഹള്ളി വരെയും രണ്ട് സ്ട്രെച്ചുകളിലായി സൈറ്റിലെ സാധ്യതാ പഠനങ്ങള്‍ തുടരുകയാണ്. കോറിഡോറുകള്‍ 1നും 2നും ഇടയിലുള്ള ഒരു ഇന്റർചേഞ്ചായി യശ്വന്ത്പൂർ സ്റ്റേഷൻ നിർമാണം പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുമ്പോള്‍ യെലഹങ്കയ്ക്ക് സമീപം, കോറിഡോർ 4 (കനക ലൈൻ) യുമായുള്ള സംയോജന പ്രവർത്തനങ്ങള്‍ ആ ഇടനാഴിയില്‍ ഏറ്റെടുക്കും.കോറിഡോർ 3 (പാരിജാത ലൈൻ: കെങ്കേരി – വൈറ്റ്ഫീല്‍ഡ്) നായി, അലൈൻമെന്റ് അംഗീകരിച്ചു.