Home കർണാടക ബെംഗളൂരു നിവാസികള്‍ക്ക് ഈ മെട്രോ ലൈൻ വേണ്ട; ഏറ്റവും പുതിയ പഠനം പറയുന്നത് ഇങ്ങനെ

ബെംഗളൂരു നിവാസികള്‍ക്ക് ഈ മെട്രോ ലൈൻ വേണ്ട; ഏറ്റവും പുതിയ പഠനം പറയുന്നത് ഇങ്ങനെ

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷനേടാൻ കൂടുതല്‍ പേർ മെട്രോയുടെ യെല്ലോ ലൈൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം യാത്രക്കാർ ഇപ്പോഴും മെട്രോയിലേക്ക് മാറാൻ തയ്യാറാകുന്നില്ലെന്ന് പഠനം.ഉയർന്ന ടിക്കറ്റ് നിരക്ക്, സ്റ്റേഷനുകളിലേക്കുള്ള മോശം പ്രവേശന സൗകര്യങ്ങള്‍, അവസാന മൈല്‍ കണക്റ്റിവിറ്റിയുടെ അഭാവം എന്നിവയാണ് യാത്രക്കാരെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) നടത്തിയ പഠനത്തില്‍ പറയുന്നു.2025 ജൂലൈ മുതല്‍ 2026 ഫെബ്രുവരി വരെ 600 പേരില്‍ സർവ്വേ നടത്തിയത്. സർവേയില്‍ പങ്കെടുത്തവരില്‍ 102 പേർ ( അതായത് 17 ശതമാനം പേർ) മെട്രോയിലേക്ക് മാറാൻ ഇപ്പോഴും താത്പര്യപ്പെടുന്നില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.മെട്രോയിലേക്ക് മാറാൻ മടിക്കുന്നവരില്‍ പലരും ചൂണ്ടിക്കാട്ടുന്നത് ഉയർന്ന യാത്രാ നിരക്കാണ്.

10 മുതല്‍ 20 കിലോമീറ്റർ വരെയുള്ള യാത്രകള്‍ക്ക് നിലവില്‍ 60 മുതല്‍ 70 രൂപ വരെയാണ് മെട്രോ നിരക്ക്. കൊല്‍ക്കത്ത മെട്രോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അഞ്ചു മടങ്ങ് വരെ കൂടുതലാണെന്നാണ് ആളുകള്‍ പരാതിപ്പെടുന്നത്.കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ മെട്രോകളെക്കാള്‍ ചെലവേറിയതാണ് ബെംഗളൂരു മെട്രോയെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രതിമാസം 30,000 രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. സർവേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.മെട്രോ യാത്രയ്ക്ക് വരുന്ന ചെലവ് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് ചിലരുടെ അഭിപ്രായം. ചില സാഹചര്യങ്ങളില്‍ കാർ ഉപയോഗിക്കുന്നതുമായി താരതമ്യം ചെയ്യാവുന്ന ചെലവാണ് മെട്രോ യാത്രയ്ക്കുള്ളതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.മോശം നടപ്പാതകള്‍, വെള്ളക്കെട്ട്, സുരക്ഷാ പ്രശ്നങ്ങള്‍, മഴയിലും വെയിലിലും മതിയായ സംരക്ഷണം ലഭിക്കാത്ത സാഹചര്യം എന്നിവയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

സർവേയില്‍ പങ്കെടുത്ത 4.4 ശതമാനം പേർ ഇത്തരം പ്രശ്നങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ബൊമ്മനഹള്ളി, ഹോസ റോഡ്, സിംഗസാന്ദ്ര, ഹുസ്‌കൂർ റോഡ്, ബൊമ്മസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളില്‍ ആവശ്യമായ പ്രവേശന സൗകര്യങ്ങള്‍ ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്ഥലങ്ങളിലെ ഫുട് ഓവർ ബ്രിഡ്ജുകള്‍ ഉപയോഗിക്കാൻ പ്രയാസമാണെന്നും ഭിന്നശേഷിക്കാർക്കായി ആവശ്യമായ വീല്‍ചെയർ റാംപുകള്‍ ഇല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.ഈ സൗകര്യക്കുറവുകള്‍ വെറും അസൗകര്യങ്ങള്‍ മാത്രമല്ലെന്നും യാത്രക്കാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണെന്നും പഠനം വിലയിരുത്തുന്നു. സുരക്ഷിതമായ റോഡ് മുറിച്ചുകടക്കല്‍ സംവിധാനങ്ങളുടെ അഭാവം കാരണം പലർക്കും തിരക്കേറിയ റോഡുകളിലൂടെ നേരിട്ട് കടക്കേണ്ട സാഹചര്യമാണുള്ളത് ഇത് അപകട സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടില്‍ ഉണ്ട്.രാത്രികാലത്ത് വനിതാ യാത്രക്കാരെ സംബന്ധിച്ച്‌ സുരക്ഷാ ആശങ്കകളും ഉയർത്തുന്നുണ്ട്. രാത്രി 9 മണിക്കുശേഷം ഫുട് ഓവർ ബ്രിഡ്ജുകള്‍ അവസാനിക്കുന്ന ഭാഗങ്ങളിലും സർവീസ് റോഡുകളിലും മതിയായ വെളിച്ചമില്ലാത്തത് സുരക്ഷാ വെല്ലുവിളിയാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

അപര്യാപ്തമായ ലൈറ്റിങ് കാരണം സ്ത്രീകള്‍ക്ക് രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നുണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.മെട്രോ ഉപയോഗം വർധിപ്പിക്കാൻ നിരവധി നിർദേശങ്ങളും പഠനം മുന്നോട്ടുവെച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഏകീകൃത ബിഎംടിസി ഫീഡർ ബസ് ശൃംഖല രൂപീകരിക്കണമെന്നാണ് പ്രധാന ശുപാർശ. ബസ് സമയക്രമ വിവരങ്ങള്‍ കന്നഡയിലും ഇംഗ്ലീഷിലും ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു.സബ്‌സിഡിയോടെയുള്ള ഇ-റിക്ഷാ സേവനങ്ങളും ഓരോ മെട്രോ സ്റ്റേഷനുമുന്നിലും പ്രത്യേക ഓട്ടോറിക്ഷ സോണുകളും ഒരുക്കുന്നത് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തല്‍.

തുടർച്ചയായ നടപ്പാതകള്‍, ഗാർഡ് റെയിലുകള്‍, മെച്ചപ്പെട്ട റോഡ് മുറിച്ചുകടക്കല്‍ സൗകര്യങ്ങള്‍, ഫുട് ഓവർ ബ്രിഡ്ജുകളില്‍ എസ്കലേറ്ററുകളും ലിഫ്റ്റുകളും, ഉയർന്ന നിലവാരത്തിലുള്ള എല്‍ഇഡി ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ടെന്നും പഠനം നിർദേശിക്കുന്നു.അതേസമയം, ഉയർന്ന യാത്രാച്ചെലവ് കുറയ്ക്കാൻ വിദ്യാർഥികള്‍ക്കും മുതിർന്ന പൗരന്മാർക്കും ഇളവുള്ള പാസുകള്‍ അവതരിപ്പിക്കണമെന്നും ഐടി, ഐടിഇഎസ് കമ്പനികളിലെ ജീവനക്കാർക്കായി തൊഴിലുടമകള്‍ സബ്‌സിഡി നല്‍കുന്ന പ്രത്യേക യാത്രാ പാസുകള്‍ നടപ്പാക്കണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കൂടുതല്‍ ആളുകളെ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് മെട്രോയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group