Home തിരഞ്ഞെടുത്ത വാർത്തകൾ മരിച്ചവരുടെ പേരിൽ വ്യാജ ആധാറും ബാങ്ക് അക്കൗണ്ടും; എംഡിഎംഎ കേസിലെ അന്വേഷണം തുറന്നുകാട്ടിയത് വൻ വ്യാജരേഖാ ശൃംഖല

മരിച്ചവരുടെ പേരിൽ വ്യാജ ആധാറും ബാങ്ക് അക്കൗണ്ടും; എംഡിഎംഎ കേസിലെ അന്വേഷണം തുറന്നുകാട്ടിയത് വൻ വ്യാജരേഖാ ശൃംഖല

by ടാർസ്യുസ്

കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിച്ച്‌ വിതരണം ചെയ്യുന്ന വന്‍ മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ പിഴുതെറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ്.ഡല്‍ഹിയും ബെംഗളൂരുവും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ലഹരി ശൃംഖലയിലെ മുഖ്യകണ്ണികള്‍ക്ക് വ്യാജ സിംകാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളും ഐഡന്റിറ്റി കാര്‍ഡുകളും നിര്‍മ്മിച്ച്‌ നല്‍കിയിരുന്ന പ്രധാന പ്രതികളാണ് പിടിയിലായത്. കൊച്ചി പള്ളുരുത്തി സ്വദേശി കെ.എം. റിഷാദ് (42), കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (39) എന്നിവരെ ബെംഗളൂരുവില്‍ വെച്ച്‌ സംയുക്ത അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ചെറിയ തുമ്പില്‍ നിന്ന് വന്‍ ശൃംഖലയിലേക്ക്സിനിമയെ വെല്ലുന്ന അന്വേഷണ വഴികളിലൂടെയാണ് കണ്ണൂര്‍ പൊലീസ് കേസിന്റെ ചുരുളഴിച്ചത്.

ന്യൂ മാഹിയില്‍ വെച്ച്‌ 0.6 ഗ്രാം എം.ഡി.എം.എയുമായി രജിനാസ് എന്നയാളെ പിടികൂടിയതാണ് കേസില്‍ വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് സമീലിന്റെ വീട്ടിലും വാഹനത്തിലും മിന്നല്‍ പരിശോധന നടത്തുകയും 185 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തു.’തബു’വിലേക്കുള്ള വഴിസമീലിന്റെ ബാങ്ക്, ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘തബു’ എന്ന മുജിതാബയെക്കുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുന്നത്. ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ എം.ഡി.എം.എ വെച്ച ശേഷം അതിന്റെ ലൊക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അയച്ചു നല്‍കുന്നതായിരുന്നു തബുവിന്റെ രീതി. ഇതിലെ പ്രധാന ഇടനിലക്കാരനായിരുന്നു സമീല്‍.ബെംഗളൂരുവിനും ഡല്‍ഹിക്കുമിടയില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന 11 അംഗ അന്വേഷണ സംഘം ശൃംഖലയിലെ മുഖ്യ കണ്ണിയായ തബുവിനെ ബെംഗളൂരുവില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തു. തബുവിന്റെ അടുത്ത കൂട്ടാളിയായ കോഴിക്കോട് സ്വദേശി അര്‍ഷാദ് അലിയെ 800 ഗ്രാം എം.ഡി.എം.എയുമായി ഹരിയാന പൊലീസ് ഗുരുഗ്രാമില്‍ വെച്ച്‌ പിടികൂടിയിരുന്നു.പണം നല്‍കി ബംഗാള്‍ സ്വദേശികളില്‍ നിന്നും തെരുവില്‍ അലഞ്ഞുതിരിയുന്ന ഭിക്ഷാടകരില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കിയാണ് ഇവര്‍ വ്യാജ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും തരപ്പെടുത്തിയിരുന്നത്.

മരണപ്പെട്ട ആളുകളുടെ പേരിലും ഇത്തരത്തില്‍ വ്യാജ ആധാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ലഹരി ഇടപാടുകളിലെ പണമിടപാടുകള്‍ക്കായാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.പ്രതികളില്‍ നിന്ന് വന്‍തോതില്‍ സിംകാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്കുകള്‍, പാന്‍ കാര്‍ഡുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, വൈഫൈ ഡോംഗിളുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.വിപുലമായ അന്വേഷണംകണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ്, തലശ്ശേരി എ.എസ്.പി സ്‌ക്വാഡ്, തലശ്ശേരി പൊലീസ്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ റാന്‍സാഫ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ രാജ്യദ്രോഹ പ്രവൃത്തികള്‍ക്കോ പാസ്പോര്‍ട്ടിനും ജോലിക്കോ ആയി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group