ബെംഗളൂരു: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയാകാൻ ഒരുങ്ങി കർണാടകം. ആർത്തവം മുതല്‍ ആർത്തവ വിരാമം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാൻ ആദ്യമായി പ്രത്യേക വനിതാ ആരോഗ്യ നയം നടപ്പാക്കുന്ന സംസ്ഥാനമാവുകയാണ് കർണാടകം.ഋതുതാരെ എന്നാണ് പദ്ധതിയുടെ പേര്.സംസ്ഥാനത്ത് നിലവിലുള്ള പൊതുജനാരോഗ്യ നയത്തിന് പുറമെയാണ് സ്ത്രീകള്‍ക്കായി പ്രത്യേക ആരോഗ്യനയം. പ്രീ-മെനോപോസ്, പോസ്റ്റ്-മെനോപോസ് ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകളും ആരോഗ്യപരിപാലന മാർഗങ്ങളും നേരിട്ട് വിശദീകരിക്കുന്ന പദ്ധതിയാണ് കർണാടക സർക്കാരിന്റെ ഋതുതാരെ. ആശാ പ്രവർത്തകർ വീടുകള്‍ തോറും സന്ദർശിച്ച് സ്ത്രീകളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും.
ഭക്ഷണരീതി, ഉറക്കം എന്നിവ ക്രമീകരിക്കാനും മാനസിക സമ്മർദം അകറ്റാനും ആവശ്യമായ നിർദേശങ്ങള്‍ നല്‍കും. മെനോപോസ് കാലഘട്ടത്തില്‍ ഹൃദ്രോഗങ്ങള്‍ക്കും അസ്ഥിസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യത കൂടുതലായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നതിനാലാണ് ഈ നീക്കമെന്ന് ആരോഗ്യമന്ത്രി യു ടി ഖാദർ വിശദീകരിച്ചു.സ്ത്രീകളുടെ മധ്യവയസ്സിലെ ആരോഗ്യ പരിപാലനത്തിനായി വുമണ്‍ മിഡ് – ലൈഫ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കാനും നീക്കമുണ്ട്. ഡോ. ജ്യോത്സനയുടെ നേതൃത്വത്തിലാകും പുതിയ ആരോഗ്യ നയത്തിനായുള്ള പോളിസി കമ്മിറ്റി. ഒപ്പം ശിശു ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടി രമ്യയും ഉണ്ടാകും.