കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ഉയർന്ന ചോദ്യവും അതിന് മോഹൻലാല്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു.വിസ്മയയോട് ചോദിച്ച ചോദ്യത്തെ ദ്വയാർഥമുള്ളതും നിലവാരമില്ലാത്തതുമാണെന്ന് വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തുന്ന ‘തുടക്കം’ വിസ്മയയുടെ ആദ്യ ചിത്രമാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയായിരിക്കുമെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. ചിത്രത്തില്‍ മോഹൻലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി നടന്ന ട്രെയിലർ ലോഞ്ചില്‍ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.
ട്രെയിലർ പുറത്തിറക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് വിസ്മയയോട്, “അച്ഛനെപ്പോലെ കാല്‍ പൊക്കിയുള്ള അടിയുണ്ടോ?” എന്ന ചോദ്യം ഉയർന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ ഉദ്ദേശിച്ചായിരുന്നു ചോദ്യമെങ്കിലും, അതിന് ദ്വയാർഥമുണ്ടെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. “ഇപ്പോള്‍ ഒന്നും പറയാൻ കഴിയില്ല, സിനിമ കാണണം,” എന്നായിരുന്നു വിസ്മയയുടെ മറുപടി. പിന്നാലെ വിസ്മയയുടെ കൈയില്‍നിന്ന് മൈക്ക് വാങ്ങിയ മോഹൻലാല്‍, “അത്രയും കാല്‍ പൊക്കുന്നില്ല” എന്ന് മറുപടി നല്‍കി. മോശം ചോദ്യത്തെ മോഹൻലാല്‍ നർമ്മത്തോടെ കൈകാര്യം ചെയ്തുവെന്നാണ് ആരാധകരുടെ പ്രതികരണം.
അതേസമയം, ഒരു പുതുമുഖ നടിയോട് പൊതുവേദിയില്‍ കൂടുതല്‍ നിലവാരമുള്ളതും സിനിമയുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടതായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. ദ്വയാർഥം തോന്നിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും, പൊതുപരിപാടികളിലെ മാധ്യമസംവാദങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമുയർന്നു. ‘തുടക്കം’ ചിത്രത്തില്‍ ആശിഷ് ജോ ആന്റണി, സായ് കുമാർ, മനോജ് കെ. ജയൻ, കെ.ബി. ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിസ്മയയുടെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.