ബംഗളൂരു: ബംഗളൂരുവില്‍ ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന 72 വയസ്സുകാരിയെ മകൻ നാലാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി.ആർ.ആർ. നഗറിലെ ബി.ഇ.എം.എല്‍ ലേഔട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട സവിത്രമ്മയുടെ മകൻ വെങ്കിടേഷിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ അഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് പൂർണ്ണമായും കിടപ്പിലായിരുന്നു സവിത്രമ്മ. അമ്മയുടെ അസുഖവും അതിനെത്തുടർന്നുണ്ടായ മാനസിക പ്രയാസവുമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് മകനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നും വെങ്കിടേഷ് അമ്മയെ താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സവിത്രമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റോ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയായ വെങ്കിടേഷിന്റെ മാനസികനില വിലയിരുത്തുന്നതിനായി മെഡിക്കല്‍ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.