ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി യാത്ര കാന്‍സല്‍ ചെയ്ത യുവതിയ്ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയച്ച ക്യാബ് ഡ്രൈവര്‍ക്കായി തെരച്ചില്‍ ശക്തമാക്കി ബംഗളൂരു പോലീസ്. ടാക്‌സി കാർ ബുക്ക് ചെയ്തശേഷം പെട്ടെന്ന് അത് ക്യാന്‍സല്‍ ചെയ്ത 32കാരിയുടെ പരാതിയെത്തുടര്‍ന്നാണ് ഡ്രൈവറെ തേടി പോലീസ് അന്വേഷണം ആരംഭിച്ചത്. തന്റെ മകളെ കൂട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലേക്കും പോകും വഴിയാണ് യുവതി ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ കുട്ടി നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ യുവതി ഒരു ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് എത്തുകയായിരുന്നു. അപ്പോള്‍ തന്നെ ബുക്ക് ചെയ്ത ക്യാബ് കാന്‍സല്‍ ചെയ്യുകയും ചെയ്തു.സ്‌കൂളില്‍ നിന്നും മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു ഞാന്‍. നടന്നുപോകാന്‍ മകള്‍ കൂട്ടാക്കിയില്ല.
അപ്പോഴാണ് ഓണ്‍ലൈന്‍ ക്യാബ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത് 3 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മകള്‍ നിര്‍ത്താതെ കരയാന്‍ തുടങ്ങി. ആ സാഹചര്യത്തില്‍ അടുത്ത് കണ്ട ഒരു ഓട്ടോയില്‍ കയറി വീട്ടിലെത്താനാണ് ഞാന്‍ ശ്രമിച്ചത്. അപ്പോള്‍ തന്നെ ക്യാബ് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു,” യുവതി പറഞ്ഞു.ടാക്‌സി ക്യാന്‍സല്‍ ചെയ്തതിന് ശേഷമാണ് ക്യാബ് ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങിയതെന്നും യുവതി പറഞ്ഞു. ദിനേഷ് എന്ന ഡ്രൈവറാണ് യുവതിയ്ക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും വാട്‌സ് ആപ്പ് വഴി അയച്ചത്. ബുക്ക് ചെയ്ത ഉടനെ അഞ്ച് കിലോമീറ്ററിലധികം താന്‍ വണ്ടിയോടിച്ച് എത്തിയെന്നും യുവതി നില്‍ക്കുന്ന ലൊക്കേഷനിലേക്ക് എത്തിയപ്പോഴേക്കുമാണ് യാത്ര ക്യാന്‍സല്‍ ചെയ്തതെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു.
തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും അതില്‍ മാപ്പ് പറയുന്നുവെന്നും യുവതി ഇയാളോട് പറഞ്ഞിരുന്നു.എന്റെ മകള്‍ നിര്‍ത്താതെ കരയുകയായിരുന്നു. ഒരു രണ്ട് മിനിറ്റ് കൂടി ടാക്‌സിയ്ക്കായി കാത്തിരുന്നശേഷമാണ് ഞാന്‍ ഓട്ടോയില്‍ കയറിയത്,” എന്ന് അയാളോട് പറഞ്ഞതായി യുവതി പറഞ്ഞു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. അയാള്‍ നിരന്തരം തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്നും യുവതി പറഞ്ഞു. ഇതോടെയാണ് ഡ്രൈവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായത്.
തന്റെ നമ്പറിലേക്ക് ഡ്രൈവര്‍ അയച്ച അശ്ലീല ചിത്രങ്ങളും യുവതി പോലീസിനെ കാണിച്ചു.ഇതെല്ലാം കണ്ട് കരയുകയായിരുന്നു ഞാന്‍. എന്റെ അയല്‍ക്കാരാണ് പിന്നീട് ഇയാളുടെ ഫോണിന് മറുപടി പറഞ്ഞത്. അവര്‍ അയാളെ വഴക്ക് പറയുകയും ചെയ്തു. ഇതോടെ അയാള്‍ അയച്ച എല്ലാ ചിത്രങ്ങളും പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങളുടെയെല്ലാം സ്‌ക്രീന്‍ഷോട്ട് ഞങ്ങള്‍ എടുത്തുവെച്ചിട്ടുണ്ടെന്ന് അയാളോട് പറഞ്ഞു. ഇതോടെ അയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു,” യുവതി പറഞ്ഞു. യാത്ര കാന്‍സല്‍ ചെയ്തിട്ടും തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെയാണ് ഡ്രൈവര്‍ക്ക് ലഭിച്ചതെന്നും യുവതി ചോദിച്ചു. ഡ്രൈവറെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.