ബെംഗളൂരു: കർണാടകയുടെ അന്താരാഷ്ട്ര സാമ്പത്തിക-സാങ്കേതിക സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ (ലോസ് ആഞ്ചലസ്) അംബാസഡർ ഡോ.കെ. ജെ. ശ്രീനിവാസ, അസർബൈജാനിലെ ഇന്ത്യൻ അംബാസഡർ അഭയ് കുമാർ എന്നിവർ സംസ്ഥാനത്ത് ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തി. സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം (ഇന്നൊവേഷൻ) എന്നീ മേഖലകളില്‍ ആഗോള പങ്കാളിത്തം ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.സന്ദർശനത്തിനിടയില്‍ പ്രതിനിധികള്‍ കർണാടക ഗവർണർ താവാർ ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കർണാടകയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര പ്രതിച്ഛായ, സാങ്കേതിക വിദ്യ, വ്യവസായം, മാനവവിഭവശേഷി എന്നിവയിലെ കരുത്ത്, ആഗോള സാമ്പത്തിക സാങ്കേതിക കേന്ദ്രങ്ങളുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചർച്ചയായി.തുടർന്ന് ഐടി-ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ, വൻകിട-ഇടത്തരം വ്യവസായ മന്ത്രി എം. ബി. പാട്ടീല്‍, ഊർജ്ജ-ടൂറിസം മന്ത്രി കെ. ജെ. ജോർജ്ജ്, ട്രാൻസ്പോർട്ട് മന്ത്രി ബൈരതി സുരേഷ് എന്നിവരുമായും നയതന്ത്ര പ്രതിനിധികള്‍ ചർച്ച നടത്തി. ആഗോളതലത്തില്‍ സംസ്ഥാനത്തിന്റെ സാന്നിധ്യം ശക്തമാക്കുക, നിക്ഷേപങ്ങളും സാങ്കേതിക പങ്കാളിത്തങ്ങളും സുഗമമാക്കുക, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാര സാധ്യതകള്‍ ഉയർത്തിക്കാട്ടുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങള്‍.സാങ്കേതികവിദ്യക്കും ഇന്നൊവേഷനും മുൻഗണന നല്‍കിയുള്ള സന്ദർശനത്തില്‍ ബെംഗളൂരുവിലെ ‘സർവം എഐ’ (Sarvam AI) എന്ന സ്ഥാപനം പ്രതിനിധികള്‍ സന്ദർശിച്ചു.
ഇന്ത്യൻ എഐ ഇക്കോസിസ്റ്റത്തിന്റെ പുരോഗതി, തദ്ദേശീയ എഐ മോഡലുകള്‍, ബഹുഭാഷാ എഐ എന്നിവയുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയ അവർ, അന്താരാഷ്ട്ര എഐ ഹബ്ബുകളുമായി സഹകരിക്കാനുള്ള സാധ്യതകളും ആരാഞ്ഞു.കൂടാതെ കർണാടക എയറോസ്‌പേസ് പാർക്ക്, സെന്റം ഇലക്‌ട്രോണിക്സ് എന്നിവ സന്ദർശിച്ച സംഘം, എയറോസ്‌പേസ്, ഡിഫൻസ് ഇലക്‌ട്രോണിക്സ്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നീ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നേരിട്ട് മനസ്സിലാക്കി. യുഎസ് വെസ്റ്റ് കോസ്റ്റിലെ (പ്രത്യേകിച്ച് സതേണ്‍ കാലിഫോർണിയ) മുൻനിര സാങ്കേതിക കേന്ദ്രങ്ങളുമായി കർണാടകയെ ബന്ധിപ്പിക്കുന്നതിനും ഇരുകൂട്ടർക്കും ഇടയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു