മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം നിഷേധിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയില്‍.പ്രതിഷേധത്തിനുള്ള അനുമതി നിഷേധിച്ച് ഡല്‍ഹി പോലിസ് ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് ആണ് ഹരജി നല്‍കിയത്.സമാധാനപരമായ ഒത്തുചേരല്‍ നിയന്ത്രിക്കാനുള്ള അധികാരം പോലിസിനില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 100-150 പേര് പങ്കെടുക്കുന്ന സമാധാനപരമായ പ്രതിഷേധത്തിനാണ് തങ്ങള്‍ അപേക്ഷ നല്‍കിയത്. എല്ലാ നിയമപരമായ വ്യവസ്ഥകളും പാലിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കാതിരുന്ന പോലിസ് ഒടുവില്‍ അനുമതി നിഷേധിച്ചതായി അറിയിച്ചുവെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാ സമരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനും കോണ്‍ഗ്രസ് പുതിയ പോര്‍ട്ടല്‍ തുടങ്ങി. സത്യഗ്രഹ എന്നാണ് വെബ്സൈറ്റിന്റെ പേര്. സത്യവും അഹിംസയിലൂന്നിയ പോരാട്ടവുമെന്ന ഗാന്ധിയന്‍ ദര്‍ശനം മുന്‍നിര്‍ത്തിയാണ് പോര്‍ട്ടല്‍ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.വെബ്സൈറ്റിലെ മാപ്പിലൂടെ രാജ്യത്ത് നടക്കുന്ന മറ്റ് പോരാട്ടങ്ങള്‍ കണ്ടെത്താനും പരസ്പരം ബന്ധപ്പെടാനും സാധിക്കും. പാര്‍ലമെന്റിലും പുറത്തും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.സമരം ശക്തിപ്പെടുന്നുഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഐ(എംഎല്) വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും വിവിധ പൗരവാകാശ സംഘടനകളും ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തി.ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, സ്വരാജ് ഇന്ത്യ അംഗം യോഗേന്ദ്ര യാദവ്, മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍, അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, ആക്ടിവിസ്റ്റ് അഞ്ലി ഭരദ്വാജ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
ബാരിക്കഡുകള്‍ മറികടന്ന് ജന്തര്‍ മന്തറിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. സമരത്തിന് നേതൃത്വം നല്കിയ കപില്‍ സിബല്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. അതിനിടെ, നേഹ ബോറ പോലിസ് ബസ്സില്‍ നിന്നിറങ്ങി വീണ്ടും പ്രതിഷേധത്തോടപ്പം ചേര്‍ന്ന പിന്നാലെ അവരെ കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്എസ്യുഐയുടെ നേതൃത്വത്തില്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം നടന്നു.ഗ്യാനേഷ് കുമാര്‍ രാജിച്ചില്ലെങ്കില് ഈ മാസം പത്തിന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം ആറിന് ഇന്ത്യ സഖ്യത്തിലെ എംപിമാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനമായ നിര്‍വാചന്‍ സദനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.