ബെംഗളൂരു: ബെംഗളൂരുവിലെ മരത്തഹള്ളി സഞ്ജയ് നഗർ പ്രധാന റോഡിൽ തുരുമ്പിച്ച തെരുവ് വിളക്ക് പോസ്റ്റ് പൊട്ടിവീണ് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മറ്റൊരാൾക്ക് പരുക്കേറ്റു. വെള്ളി രാത്രി വൈകിയാണ് ദാരുണമായ ഈ സംഭവം നടന്നത്.പ്രദേശത്ത് ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഓർക്കസ്ട്ര പരിപാടി നടക്കുമ്പോഴായിരുന്നു അപകടം. പെട്രോൾ പമ്പിന് സമീപം നിന്ന് ഓർക്കസ്ട്ര കാണുകയായിരുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് തൽക്ഷണം മരിച്ചത്. ഇയാൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളയാളോ നേപ്പാൾ സ്വദേശിയോ ആണെന്ന് സംശയിക്കുന്നു.
സ്കൂട്ടറിൽ ഇരുന്ന് പരിപാടി കാണുകയായിരുന്ന ശ്രീപദ് (20) എന്ന യുവാവിനാണ് പരുക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീപദ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന തുരുമ്പിച്ച പോസ്റ്റ് രാത്രി 11 മണിയോടെയാണ് പൊട്ടിവീണത്. പരുക്കേറ്റ ശ്രീപദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരത്തഹള്ളി പോലീസ് കേസെടുത്തു. അശ്രദ്ധമൂലമുള്ള മരണത്തിന് (Section 106) ബെസ്കോം (Bescom) ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കുമെന്നും ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.