ബംഗളൂരു: സ്റ്റാർട്ടപ്പ് വളർത്താൻ ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറിയ തീരുമാനം തന്റെ വ്യക്തിജീവിതത്തിലും ബിസിനസിലും എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണെന്ന് സംരംഭകൻ ഹരീഷ് വരദരാജൻ.ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫ്രഗാരിയ എന്ന സ്റ്റാർട്ടപ്പാണ് ഒരു വർഷം മുമ്പ് ബംഗളൂരുവിലേക്ക് മാറ്റിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തെ അഞ്ച് നഗരങ്ങളില്‍ താമസിച്ചിട്ടുണ്ടെങ്കിലും വർഷം മുഴുവൻ അനുഭവപ്പെടുന്ന കാലാവസ്ഥയുടെ കാര്യത്തില്‍ ബംഗളൂരുവിനോട് കിടപിടിക്കാൻ മറ്റൊരു നഗരമില്ലെന്നാണ് ഹരീഷിന്റെ അഭിപ്രായം.
ബംഗളൂരുവിലെ കാലാവസ്ഥ തങ്ങളുടെ വ്യക്തിജീവിതത്തിലും ഏറെ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.ബംഗളൂരുവിന്റെ സ്ഥിരം തലവേദനയായ ഗതാഗതക്കുരുക്കിനെക്കുറിച്ചും ഹരീഷ് തന്റെ അനുഭവം പങ്കുവച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു മണിക്കൂറിലധികം ട്രാഫിക്കില്‍ കുടുങ്ങിയത് രണ്ട് തവണ മാത്രമാണെന്നും മെട്രോ ഉപയോഗിക്കുന്നതും തിരക്കേറിയ സമയങ്ങള്‍ ഒഴിവാക്കുന്നതും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നതുമാണ് ഇതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്തും ബംഗളൂരുവിന് വലിയ നേട്ടങ്ങളുണ്ടെന്നാണ് ഹരീഷിന്റെ വിലയിരുത്തല്‍. ദക്ഷിണേന്ത്യൻ നഗരങ്ങളില്‍ പ്രീമിയം പഴങ്ങള്‍ക്ക് ഏറ്റവും വലിയ വിപണി ബംഗളൂരുവിലാണെന്നും നഗരത്തിലെ കാലാവസ്ഥ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രമുഖ നിക്ഷേപകരിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനാകുന്നത് മറ്റൊരു നേട്ടമാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ ഒരു പുതിയ കമ്പനി ആരംഭിക്കാൻ ആലോചിക്കുന്നവർക്ക് ബംഗളൂരു സ്വാഭാവികമായ തിരഞ്ഞെടുപ്പായിരിക്കുമെന്നും ഹരീഷ് അഭിപ്രായപ്പെട്ടു. അതേസമയം, അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ചെന്നൈ ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങള്‍ക്കും മികച്ച സ്റ്റാർട്ടപ്പ് സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങളും ലഭിച്ചു.മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് കമ്പനി മാറ്റിയ മറ്റൊരു സംരംഭകനും ഹരീഷിന്റെ അനുഭവത്തോട് യോജിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകരെയും എൻജിനീയർമാരെയും നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരിടത്ത് കണ്ടുമുട്ടാൻ കഴിയുന്നതാണ് ബംഗളൂരുവിന്റെ പ്രത്യേകതയെന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.