ബംഗളൂരു: കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗറില്‍, പട്ടാപ്പകല്‍ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ നാല് പേർ പിടിയില്‍.നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഭുവനേഷ് എന്ന വിദ്യാർഥിക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോളജിലെ ഒരു സീനിയർ വിദ്യാർഥിയെ ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് നല്കുന്ന വിവരം.
കൊല്ലപ്പെട്ട യോഗേഷും ഒളിവില്‍ കഴിയുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ഇവിടുത്തെ ഒരു സീനിയർ വിദ്യാർഥിയോട് ഭുവനേഷ് പ്രണയാഭ്യർഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതിന് പിന്നാലെയാണ്, ആ പെണ്‍കുട്ടിയെക്കുറിച്ച് യോഗേഷ് കോളജില്‍ അപവാദം പ്രചരിപ്പിക്കുന്നുണ്ടെന്ന രീതിയില്‍ ഭുവനേഷ് കഥകള്‍ മെനഞ്ഞത്.തുടർന്ന് ഈ വിവരം, പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയെ ഭുവനേഷ് അറിയിക്കുകയും പ്രകോപിപ്പിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാനായി മൂന്ന് കൂട്ടുകാരെയും കൂട്ടി എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥി യോഗേഷിനെ കോളപജില് നിന്ന് വിളിച്ചിറക്കി കുത്തിവീഴ്ത്തുകയായിരുന്നു.