ബെംഗളൂരു: ഒന്നര പതിറ്റാണ്ടിലേറെയായിട്ടും കർണാടക മലയാളി യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം കാണാൻ കേരളത്തിന്റെ നീക്കങ്ങള്‍ വീണ്ടും സജീവമാകുന്നു.ബെംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നും കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് രാത്രി 9 കഴിഞ്ഞാല്‍ ബന്ദിപ്പൂർ ചെക്പോസ്റ്റ് കടക്കുക നിലവില്‍ അസാധ്യമാണ്. സമയം തെറ്റി എത്തുന്നവർക്ക് നേരം പുലരും വരെ ഘോരവനത്തിന് നടുവില്‍ കാത്തുകിടക്കേണ്ടി വരുന്നു.രാത്രി യാത്ര നിർബന്ധമുള്ളവർ ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി വഴി 100 കിലോമീറ്ററിലധികം അധികം ദൂരം ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്. വെറും 19 കിലോമീറ്റർ ദൂരം പിന്നിടാനാണ് യാത്രക്കാർ ഈ ദുരിതം അനുഭവിക്കുന്നത്.
വഴിതിരിഞ്ഞ വാഗ്ദാനങ്ങളും രാഷ്ട്രീയ നീക്കങ്ങളുംബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ ഇളവുവരുത്താമെന്ന് കർണാടക സർക്കാർ പലതവണ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി പദത്തിലെത്തിയതോടെ ഈ വിഷയത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വീണ്ടും വർധിച്ചിട്ടുണ്ട്. വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസ്സമുണ്ടാക്കാതെ ഓരോ കിലോമീറ്ററിലും അഞ്ച് മേല്‍പ്പാലങ്ങള്‍ നിർമിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപ് എം.കെ. രാഘവൻ എംപി കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍, വനത്തിനുള്ളില്‍ മേല്‍പ്പാല നിർമാണത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2019-ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതേത്തുടർന്ന്, വനത്തിനുള്ളിലൂടെ 20 കിലോമീറ്റർ നീളത്തില്‍ 6 വരി തുരങ്കപാത നിർമിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കഴിഞ്ഞ മേയില്‍ ബന്ദിപ്പൂർ സന്ദർശിച്ച് വിവരശേഖരണം നടത്തിയിരുന്നു.’വിഐപി’ പരിഗണനയില്‍ 8 ബസുകളും ആംബുലൻസും മാത്രംനിലവില്‍ രാത്രി 9 മണിക്ക് ശേഷം ഇരുവശങ്ങളിലേക്കുമായി കേരള, കർണാടക ആർടിസികളുടെ നാല് സർവീസുകള്‍ക്ക് മാത്രമാണ് വനത്തിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്. കെഎസ്‌ആർടിസിയുടെ മറ്റ് ബസുകള്‍ ചെക്പോസ്റ്റില്‍ രാവിലെ 6 മണി വരെ കാത്തുകിടക്കുകയാണ് പതിവ്.
അടിയന്തര സാഹചര്യങ്ങളില്‍ രോഗികളുമായി പോകുന്ന ആംബുലൻസുകള്‍ക്ക് മാത്രമാണ് വനപാതയിലൂടെ യാത്ര ചെയ്യാൻ അനുവാദമുള്ളത്. എന്നാല്‍ കർശനമായ പരിശോധനകള്‍ക്കും ഡ്രൈവറുടെ ചിത്രമെടുക്കല്‍ അടക്കമുള്ള സുരക്ഷാ നടപടികള്‍ക്കും ശേഷമേ ആംബുലൻസുകള്‍ കടത്തിവിടാറുള്ളൂ.നിയന്ത്രണങ്ങളുടെ പശ്ചാത്തലംരാത്രികാലങ്ങളില്‍ വാഹനങ്ങളിടിച്ച് വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നത് തടയാൻ സുപ്രീംകോടതി നിർദേശപ്രകാരം 2009-ലാണ് ബന്ദിപ്പൂരില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കൊല്ലേഗല്‍-കോഴിക്കോട് ദേശീയപാത 766-ല്‍ വയനാട് അതിർത്തിയായ മൂലെഹൊളെ ചെക്‌പോസ്റ്റ് മുതല്‍ ഗുണ്ടല്‍പേട്ടിലെ മദ്ദൂർ വരെയുള്ള ഭാഗത്താണിത്.ഇതിനുപുറമെ എൻഎച്ച് 67 (ഗുണ്ടല്‍പ്പെട്ട്-ഗൂഡല്ലൂർ), സംസ്ഥാന ഹൈവേ 33 (എച്ച്‌ഡി കോട്ടെ-മാനന്തവാടി) പാതകളിലും നിലവില്‍ രാത്രിയാത്രാ നിയന്ത്രണമുണ്ട്. സംസ്ഥാന പാതയില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. പരിസ്ഥിതി സംഘടനകളുടെ ശക്തമായ എതിർപ്പും കന്നഡ വികാരവും കാരണം കർണാടക സർക്കാർ ഈ വിഷയത്തില്‍ ഇളവുകള്‍ നല്‍കാൻ മടിക്കുകയാണ്. പരിസ്ഥിതി സംരക്ഷണവും യാത്രാദുരിതവും ഒരുപോലെ പരിഗണിക്കുന്ന തുരങ്കപാത പോലുള്ള ബദല്‍ മാർഗങ്ങളിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ.