കോൾഡ്രിഫ് സിറപ്പിൻ്റെ വില്‍പന സംസ്ഥാനത്ത് പൂർണമായും നിർത്തിവയ്ക്കാൻ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിർദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു
സിറപ്പിൻ്റെ ഒരു പ്രത്യേക ബാച്ചില്‍ (എസ്.ആർ. 13 ബാച്ച്) പ്രശ്‌നം കണ്ടെത്തിയെന്ന കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി നടപടി സ്വീകരിച്ചത്.
സംസ്ഥാനത്ത് ഈ ബാച്ച് മരുന്ന് വില്‍പന നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെങ്കിലും, കോള്‍ഡ്രിഫ് സിറപ്പിൻ്റെ വിതരണവും വില്‍പനയും പൂർണമായി നിർത്തിവയ്ക്കാൻ ഡ്രഗ്‌സ് കണ്‍ട്രോളർ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർക്ക് നിർദേശം നല്‍കി. കേരളത്തില്‍ എട്ട് വിതരണക്കാർ വഴിയാണ് ഈ മരുന്ന് വിറ്റഴിക്കുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം വിതരണവും വില്‍പനയും നിർത്തലാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിൻ്റെ വില്‍പനയും നിർത്തിവയ്ക്കാൻ നിർദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കെഎംഎസ്‌സിഎല്‍ വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ല.
സംസ്ഥാനത്തെ ചുമ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. കോള്‍ഡ്രിഫ് സിറപ്പിൻ്റെ സാമ്ബിളുകള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് ചുമ സിറപ്പുകളുടേയും സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.
കേരളത്തില്‍ ചുമ മരുന്നുകള്‍ നിർമിക്കുന്ന അഞ്ച് കമ്ബനികളുടെ മരുന്ന് സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിർദേശം നല്‍കിയിട്ടുണ്ട്.
സെൻട്രല്‍ ഡിജിഎച്ച്‌എസിൻ്റെ (DGHS) നിർദേശപ്രകാരം കുട്ടികള്‍ക്കുള്ള ചുമ സിറപ്പുകള്‍ക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തില്‍ കുറിപ്പടി വന്നാലും മെഡിക്കല്‍ സ്റ്റോറുകള്‍ ചുമ സിറപ്പ് നല്‍കരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തില്‍ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. 22 ബാച്ച് മരുന്നുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
അതേസമയം മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ചുമയ്‌ക്കുള്ള സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം ഒമ്ബതായതായി പീഡിയാട്രിക്‌സ് മേധാവി ഡോ പവൻ നന്ദുർക്കര്‍ പറഞ്ഞു. കോള്‍ഡ്രിഫ് എന്ന പേരിലുള്ള മരുന്നാണ് ഇതിന് കാരണമെന്ന് ഡോ പവൻ നന്ദുർക്കർ പറഞ്ഞു. എന്നിരുന്നാലും, അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന സിറപ്പിൻ്റെ സാമ്ബിളുകളും മറ്റും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരിശോധനാ റിപ്പോർട്ടുകള്‍ ലഭിക്കുന്നതുവരെ കോള്‍ഡ്രിഫ്, നെസ്‌റ്റോ ഡിഎസ് കഫ് സിറപ്പുകളുടെ വില്‍പ്പന ജില്ലാ ഭരണകൂടം നിലവില്‍ നിരോധിച്ചിട്ടുണ്ടെന്ന് ഡോ പവൻ നന്ദുർക്കർ പറഞ്ഞു. അവയവങ്ങള്‍ തകരാറിലാകാൻ കാരണം പഴകിയ മരുന്നുകളാണ്. ഇതിന് വേണ്ട മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാടിനും മധ്യപ്രദേശിനും പിന്നാലെ കേരളവും; കോള്‍ഡ്രിഫ് സിറപ്പ് വില്‍പന നിര്‍ത്തിവെച്ചു; ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
previous post