Home കർണാടക ഊബറിലും ഓലയിലും ഓട്ടോകള്‍ക്ക് മീറ്റര്‍ ചാര്‍ജ് ബാധകമല്ല; അനീതിയെന്ന് ബെംഗളൂരുവിലെ തൊഴിലാളികള്‍; പണിമുടക്കിലേക്ക്

ഊബറിലും ഓലയിലും ഓട്ടോകള്‍ക്ക് മീറ്റര്‍ ചാര്‍ജ് ബാധകമല്ല; അനീതിയെന്ന് ബെംഗളൂരുവിലെ തൊഴിലാളികള്‍; പണിമുടക്കിലേക്ക്

by ടാർസ്യുസ്

ബെംഗളൂരു: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കും ഡിജിറ്റല്‍ മീറ്ററുകള്‍ നിർബന്ധമാക്കാനുള്ള ഗതാഗത വകുപ്പിന്റെ നീക്കത്തിനെതിരെ ഓട്ടോ – കാബ് ഡ്രൈവർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ.ഊബർ, ഓല തുടങ്ങിയ അഗ്രിഗേറ്റർ ആപ്പുകള്‍ സർക്കാർ നിശ്ചയിക്കുന്ന വാടക നിരക്ക് പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതുനു ശേഷം മാത്രമേ ഡിജിറ്റല്‍ മീറ്ററുകള്‍ നിർബന്ധമാക്കാൻ പാടുള്ളൂ എന്നും സംഘടന ആവശ്യപ്പെട്ടു.ആപ്പ് അധിഷ്ഠിത അഗ്രിഗേറ്റർ കമ്പനികള്‍ക്ക് സർക്കാർ നിശ്ചയിച്ച യാത്രാനിരക്കുകള്‍ പാലിക്കേണ്ടതില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്. തിരക്കേറിയ സമയങ്ങളില്‍ സർജ് പ്രൈസിംഗ് അടക്കമുള്ളവ നടപ്പാക്കി ഉയർന്ന ചാർജ് ഈടാക്കുന്നു. ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഓട്ടോ-കാബ് ഉടമകളുടെ സംഘടന പറയുന്നു.

തിരക്കുള്ള സമയങ്ങളില്‍ ‘സർജ് പ്രൈസിങ്’ എന്ന പേരില്‍ ഉയർന്ന നിരക്ക് ഈടാക്കുകയാണ്. തിരക്കില്ലാത്തപ്പോള്‍ നിരക്ക് വൻതോതില്‍ കുറയ്ക്കുകയും ചെയ്യുന്നു. ഈ സമീപനം കമ്പനികള്‍ അവസാനിപ്പിക്കണം.പുതിയ ഡിജിറ്റല്‍ മീറ്റർ ചട്ടം നടപ്പിലാക്കുന്നതിന് മുൻപ് അഗ്രിഗേറ്റർ കമ്പനികളെ വിളിച്ചുവരുത്തി സർക്കാർ നിരക്കുകള്‍ മാത്രമേ ഈടാക്കൂ എന്ന് രേഖാമൂലം ഉറപ്പ് സർക്കാർ വാങ്ങണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഡിജിറ്റല്‍ മീറ്റർ ഘടിപ്പിക്കണമെന്ന ചട്ടം പാലിക്കാത്ത കമ്പനികളുടെ ലൈസൻസ് റദ്ദാക്കണം.അഗ്രിഗേറ്റർ കമ്പനികള്‍ യാത്രക്കാർക്ക് ബുക്കിങ് സൗകര്യമൊരുക്കുകയും, അവർക്ക് ഡിജിറ്റല്‍ മീറ്റർ ബില്ലുകള്‍ നല്‍കുകയും മാത്രമാണ് വേണ്ടത്. മീറ്റർ നിരക്കിലെ മുഴുവൻ തുകയും ഡ്രൈവർമാർക്ക് നേരിട്ട് ലഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2016-ലെ അഗ്രിഗേറ്റർ ചട്ടങ്ങള്‍ അനുസരിച്ച്‌ കമ്പനികള്‍ക്ക് 5% കമ്മീഷനും ജിഎസ്ടിയും ഈടാക്കാൻ അനുവാദമുണ്ട്. ഇതില്‍ കൂടുതല്‍ തുക ഈടാക്കരുത്. 36 രൂപ മിനിമം നിരക്കില്‍ 5% കമ്മീഷൻ നല്‍കാൻ ഡ്രൈവർമാർ തയ്യാറാണെന്നും സംഘടന പറഞ്ഞു.സർക്കാർ മുൻപ് നടപ്പാക്കിയ വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് ഘടിപ്പിക്കലും, പാനിക് ബട്ടണുകള്‍ ഘടിപ്പിക്കലുമെല്ലാം ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളില്‍ 4,000 – 5,000 രൂപ നിരക്കില്‍ ലഭിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ക്ക് കർണാടകയില്‍ 11,000 വരെ ഈടാക്കിയതായി സംഘടനയുടെ പ്രസിഡന്റ് എസ് നടരാജ് ശർമ്മ ആരോപിച്ചു. ഇനി വരാനിരിക്കുന്ന ഡിജിറ്റല്‍ മീറ്റർ പദ്ധതിയും സമാനമായ മറ്റൊരു അഴിമതിയായി മാറരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബെംഗളൂരു നഗരത്തില്‍ ഇതിനകം തന്നെ ഡ്രൈവർമാരുടെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസമായി ഓട്ടോ – കാബ് ഡ്രൈവർമാർ വാഹനങ്ങളില്‍ കറുത്ത പതാക സ്ഥാപിച്ചാണ് സർവീസ് നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാൻ സർക്കാരിനും ഗതാഗത വകുപ്പിനും ഒരാഴ്ച സമയമാണ് സംഘടന നല്‍കിയിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബെംഗളൂരുവിലും സംസ്ഥാനത്തുടനീളവുമുള്ള ഓട്ടോ, ക്യാബ് സർവീസുകള്‍ പൂർണ്ണമായി നിർത്തിവെച്ച്‌ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group