Home കർണാടക ഭാര്യയില്‍ നിന്ന് 50 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനം, കത്തി ഉപയോഗിച്ച്‌ ആക്രമിച്ചെന്ന ആരോപണം; സബ് ഇൻസ്പെക്ടര്‍ അറസ്റ്റില്‍

ഭാര്യയില്‍ നിന്ന് 50 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനം, കത്തി ഉപയോഗിച്ച്‌ ആക്രമിച്ചെന്ന ആരോപണം; സബ് ഇൻസ്പെക്ടര്‍ അറസ്റ്റില്‍

by ടാർസ്യുസ്

ബെംഗളൂരു: കുടുംബപ്രശ്നങ്ങളുടെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടും ഭാര്യയെയും കുടുംബത്തെയും ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബെംഗളൂരു പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റില്‍.ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഭൈരപ്പ കെ.എസ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. അഭിഭാഷകയായ ഭാര്യ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.വിവാഹബന്ധത്തില്‍ അഞ്ച് വർഷം പിന്നിടുമ്പോഴാണ് ഭർത്താവിന്റെ ക്രൂരതകള്‍ ആരംഭിച്ചതെന്ന് ഭാര്യ പറയുന്നു. അഴിമതിക്കേസില്‍ ലോകായുക്ത സസ്പെൻഡ് ചെയ്തതിന് പിന്നാലെ, തന്റെ സാമ്പത്തിക ബാധ്യതകള്‍ തീർക്കാൻ ഭാര്യയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭൈരപ്പ നിരന്തരം മർദ്ദിക്കുമായിരുന്നു. സ്ത്രീധനമായി ഇതിനുമുൻപും പലതവണ പണവും രണ്ട് കാറുകളും ഇവർ നല്‍കിയിരുന്നെങ്കിലും ഭീഷണി തുടർന്നു.

കൂടാതെ, പിതാവിനെ കത്തി ഉപയോഗിച്ച്‌ ആക്രമിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.തന്റെ പരാതിയില്‍ നേരത്തെ കേസ് എടുക്കാൻ പ്രാദേശിക പോലീസ് തയ്യാറായിരുന്നില്ലെന്നും, ഭർത്താവിന്റെ ബാച്ച്‌ മേറ്റുകള്‍ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും, തന്നെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും പലതവണ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു.ഭൈരപ്പയുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വർഷം ജൂണില്‍ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴും ഒരു കൈക്കൂലിക്കേസില്‍ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group