ബെംഗളൂരു: മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട് സർക്കാർ എതിർപ്പ് രൂക്ഷമാക്കിയതില്‍ പ്രതിഷേധിച്ച് കന്നഡ സംഘടനകള്‍ ബുധനാഴ്ച (ജൂലൈ 15) പ്രഖ്യാപിച്ച സമ്പൂർണ ബന്ദ് കർണാടക – തമിഴ്നാട് അതിർത്തിയില്‍ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍.തമിഴ്നാട് – കർണാട അതിർത്തി പ്രദേശങ്ങളിലെ റോഡുകളിലാകും പ്രതിഷേധം ശക്തമാകുക. ആട്ടിബെലെ – ഹൊസൂർ അതിർത്തിയില്‍ ബന്ദ് ശക്തമാക്കുമെന്ന് കന്നഡ പ്രവർത്തകനും മുൻ എംഎല്‍എയുമായ വാട്ടാള്‍ നാഗരാജ് വ്യക്തമാക്കിയിരുന്നു. ആട്ടിബെലെ – ഹൊസൂർ അതിർത്തിയില്‍ വാഹന ഗതാഗതം തടസ്സപ്പെടും. ബസ്, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തേക്കും.ബെംഗളൂരു നഗരത്തില്‍ നിന്ന് നിശ്ചിതദൂരം അകലെയുള്ള വ്യാവസായിക – റസിഡൻഷ്യല്‍ പ്രദേശങ്ങളിലൊന്നാണ് ആനേക്കല്‍ താലൂക്കിലെ ആട്ടിബെലെ.ഹൊസൂർ റോഡിലാണ് (NH 44) ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കർണാടക – തമിഴ്നാട് അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള പ്രധാന ഐടി നിർമാണ ഹബ്ബുകളിലൊന്നാണ്. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന ദേശീയപാതയില്‍ ഒരു പ്രധാന ടോള്‍ പ്ലാസ ആട്ടിബെലെയില് സ്ഥിതി ചെയ്യുന്നുണ്ട്.
അതിനാല്‍ കന്നഡ സംഘടനകള്‍ വഴി തടഞ്ഞാല്‍ പാതയിലെ ഗതാഗതം താറുമാറാകും.മേക്കെദാട്ടു അണക്കെട്ട് പദ്ധതി കൈകാര്യം ചെയ്യുന്നതില്‍ നിലവില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പരാജയപ്പെട്ടതായി വാട്ടാള്‍ നാഗരാജ് പറഞ്ഞു. മേക്കെദാട്ടു അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്ന തമിഴ്നാട് സർക്കാരിൻ്റെ നിലപാടിനെതിരെയാണ് അതിർത്തി പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.കാവേരി നദിക്ക് കുറുകെ കർണാടക സർക്കാർ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട അണക്കെട്ടാണ് മേക്കെദാട്ടു അണക്കെട്ട് പദ്ധതി (Mekedatu Dam Project). കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിയും അതിന്റെ പോഷകനദിയായ അർക്കാവതിയും ചേരുന്ന സംഗമസ്ഥാനത്താണ് അണക്കെട്ട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐടി നഗരമായ ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.കാവേരി നദിയില്‍ മേക്കെദാട്ടു അണക്കെട്ട് വരുന്നത് തമിഴ്നാട്ടിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തേണ്ട വെള്ളത്തിന്റെ അളവ് കുറയ്ക്കുമെന്നും തമിഴ്നാടിൻ്റെ കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും പദ്ധതി ഗുരുതരമായി ബാധിക്കുമെന്നുമാണ് തമിഴ്നാട് വാദിക്കുന്നത്.