ബെംഗളൂരു; നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ് (ബി ടി പി).വാഹനങ്ങളെ അഞ്ച് വിഭാഗങ്ങളാക്കി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതോടെ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നഗരത്തിലേക്ക് കടക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക സമയക്രമം പാലിക്കേണ്ടി വരും.അന്തർസംസ്ഥാന യാത്ര നടത്തുന്ന ഓള്‍ ഇന്ത്യ പെർമിറ്റുള്ള സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിയന്ത്രണം നടപ്പാക്കുക. ഈ വാഹനങ്ങള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 10 വരെ നഗരത്തിലേക്ക് കടക്കാൻ അനുമതി ഉണ്ടാകില്ല. മാത്രമല്ല 16 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹങ്ങള്‍ക്ക് നഗരത്തിലേക്ക് കടക്കുന്നതിന് പൂർണനിയന്ത്രണവും ഏർപ്പെടുത്തും.
നഗരങ്ങളിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ശരാശരി 2 കിമി എങ്കിലും വർധപ്പിക്കാനും പുതിയ പരിഷ്കാരങ്ങളിലൂടെ ബിടിപി ലക്ഷ്യം വെയ്ക്കുന്നുണ്ട്.നഗരത്തിലൂടെ പോകുന്ന വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറില്‍ 14 കിലോമീറ്റർ ആണെന്നാണ് 2025 ല്‍ പുറത്തുവിട്ട ടോംടോം ട്രാഫിക് ഇൻഡക്സ് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതോടെ പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവഴി അപകട സാധ്യത കുറക്കാൻ സാധിക്കുമെന്നും അധികൃതർ കരുതുന്നു16 ടണ്ണിന് മുകളിലുള്ള ഭാരവാഹനങ്ങള്‍, 8 ടണ്ണിനും 16 ടണ്ണിനും ഇടയിലുള്ള ഭാരവാഹനങ്ങള്‍, ഇടത്തരം ചരക്കുവാഹങ്ങള്‍, കൈവണ്ടികള്‍, ട്രാക്ടറുകള്‍, മറ്റ് ചെറിയ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വളരെ പതുക്കെ പോകുന്ന വാഹനങ്ങള്‍, എഐപി ബസുകള്‍ എന്നിങ്ങനെയായിരിക്കും വാഹനങ്ങളെ തരംതിരിക്കുക.എഐപി ബസുകള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 10 മണി വരെയായിരിക്കും നിയന്ത്രണം. ഈ സമയത്താണ് ഏറ്റവും കൂടുതല്‍ അന്തർസംസ്ഥാന ബസുകള്‍ യാത്ര നടത്തുന്നത്.
അതിനാല്‍ യാത്രക്കാർക്ക് ബേസ് പോയിൻ്റിലേക്ക് വരാനും അവിടെ നിന്ന് പോകാനും ബസ് ഓപ്പറേറ്റർ ഷട്ടില്‍ സർവ്വീസുകള്‍ ഏർപ്പെടുത്തണം. 16 ടണ്ണിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് കയറുന്നതിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. ഓപ്പറേറ്റർമാർ നഗരത്തിന് പുറത്ത് വാഹനങ്ങള്‍ക്ക് പ്രത്യേക ഇടത്താവളങ്ങള്‍ ഒരുക്കേണ്ടി വരും.എട്ട് ടണ്ണിനും 16 ടണ്ണിനും ഇടയിലുള്ള വാഹനങ്ങള്‍ക്ക് രാവിലെ ഏഴിനും രാത്രി 10 നും ഇടയില്‍ നഗരത്തിലേക്ക് കടക്കാൻ അനുമതി നല്‍കില്ല. വേഗത കുറഞ്ഞ ട്രാക്ടർ പോലുള്ള വാഹനങ്ങള്‍ക്ക് സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലേക്കുള്ള പ്രവേശനവും റദ്ദാക്കും. അതേസമയം അവശ്യവസ്തുക്കളുമായി പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കും.