Home കാലാവസ്ഥ മണ്‍സൂണില്‍ ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത് കൊടുംചൂട്; അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ദിവസം

മണ്‍സൂണില്‍ ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത് കൊടുംചൂട്; അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ദിവസം

by ടാർസ്യുസ്

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ശക്തമാകേണ്ട സമയമായിട്ടും ഐടി നഗരമായ ബെംഗളൂരുവില്‍ വരണ്ട കാലാവസ്ഥയെന്ന് റിപ്പോർട്ട്.തിങ്കളാഴ്ച ബെംഗളൂരുവില്‍ 32.4 ഡിഗ്രി സെല്‍ഷ്യസ് എന്ന പരമാവധി താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ നഗരത്തിലെ ഏറ്റവും ചൂടേറിയ ജൂലൈ ദിവസമായി മാറി.എച്ച്‌എഎല്‍ വിമാനത്താവളത്തിലും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും (കെഐഎ) താപനില ഉയർന്നു. രണ്ടിടത്തും 33 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2021 ജൂലൈയിലാണ് രേഖപ്പെടുത്തിയത്. അന്ന് 32.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ ഞായറാഴ്ച താപനില 32 ഡിഗ്രി കടന്ന് തിങ്കളാഴ്ച 32.4 ആയി ഉയർന്നു.നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്താല്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്താൻ സാധ്യതയുണ്ടെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (IMD) ഉദ്യോഗസ്ഥനായ സിഎസ് പാട്ടീല്‍ പറഞ്ഞു. അസാധാരണമായ കാലാവസ്ഥയ്ക്ക് പുറമേ കർണാടകയുടെ വടക്കുകിഴക്കൻ ജില്ലകളുമായി അതിർത്തി പങ്കിടുന്ന ആന്ധ്രാ പ്രദേശിലെ റായലസീമയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ഐഎംഡി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജൂലൈയിലെ മണ്‍സൂണ്‍ മാസത്തില്‍ ബെംഗളൂരുവിലെ പരമാവധി താപനില 28 നും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ ഈ കണക്കുകളില്‍ മാറ്റമുണ്ടായി.ജൂണില്‍ കണ്ട സാധാരണ മണ്‍സൂണ്‍ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ആദ്യ ആഴ്ചയില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചെങ്കിലും കഴിഞ്ഞ 3 – 4 ദിവസങ്ങളില്‍ മഴയുടെ തോത് കുറഞ്ഞു. ഇത് പകല്‍ സമയത്തെ താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസിന്റെ അസാധാരണമായ വർധനവിന് കാരണമായെന്ന് പാട്ടീല്‍ പറഞ്ഞു. മഴയുടെ കുറവ് താപനിലയിലെ വർധനവിന് കാരണമായി. ജൂലൈ മണ്‍സൂണിൻ്റെ ഏറ്റവും ഉയർന്ന സമയമാണെങ്കിലും തെളിഞ്ഞ അന്തരീക്ഷമാണ് മിക്ക ദിവസവും. ഇത് പകല്‍ താപനില വർധിക്കാൻ കാരണമായി.മണ്‍സൂണ്‍ മഴയുടെ കുറവ് ബെംഗളൂരുവില്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. നിലവിലുള്ള തെളിഞ്ഞ ആകാശം ആഴ്ച മുഴുവൻ തുടരാൻ സാധ്യതയുണ്ട്. ബെംഗളൂരുവിലുടനീളം പരമാവധി താപനില 32 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണെന്ന് പാട്ടീല്‍ കൂട്ടിച്ചേർത്തു. ബെംഗളൂരുവില്‍ ആഴ്ച മുഴുവൻ അസാധാരണമായി ചൂടുള്ള കാലാവസ്ഥ തുടരും.

You may also like

error: Content is protected !!
Join Our WhatsApp Group