ബെംഗളൂരു: ഹെബ്ബാള്‍-സർജാപൂർ വരെ നീളുന്ന റെഡ് ലൈൻ മെട്രോ ഇടനാഴിയുടെ നിർമ്മാണം വൈകിയേക്കും. നിർദ്ദിഷ്ട പാത 2033 ല്‍ മാത്രമേ തുറക്കാനാകൂവെന്നാണ് പുതുക്കിയ വിശദമായ പദ്ധതി രേഖയില്‍ (ഡിപിആർ) പറയുന്നത്.2031 ഓടെ ഈ മെട്രോ റൂട്ട് യാഥാർത്ഥ്യമാകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. പദ്ധതിയുടെ ചെലവ് സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പദ്ധതി നീളാൻ കാരണമായത്.2024 ലാണ് പദ്ധതിയുടെ ആദ്യ ഡിപിആർ ബി എം ആർ സി എല്‍ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ആ വർഷം ഡിസംബറോടെ തന്നെ മന്ത്രിസഭ ഡിപിആറിന് അംഗീകാരം നല്കി. ബിഎംആർസിഎല്‍ സമർപ്പിച്ച ഡിപിആറില്‍ 28,405 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ഈ ഡിപിആർ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചെങ്കിലും ഉയർന്ന ചെലവ് ചൂണ്ടിക്കാട്ടി ഡിപിആർ പുതുക്കാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തില്‍ കണ്‍സള്‍ട്ടൻസി സ്ഥാപനമായ സിസ്ട്രയുടെ നേതൃത്വത്തില്‍ ഡിപിആർ അവലോകനം ചെയ്യുകയും പുതുക്കിയ പദ്ധതി രേഖ ഫെബ്രുവരിയില്‍ സസംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഏപ്രിലിലാണ് ബിഎംആർസിഎല്‍ കേന്ദ്ര സർക്കാരിന് വീണ്ടും ഡിപിആർ സമർപ്പിച്ചത്.പുതിക്കിയ ഡിപിആറില്‍ ഭൂഗർഭപാതയുടെ ദൈർഘ്യം 160 മീറ്ററാക്കി കുറച്ചിട്ടുണ്ട്. അതേസമയം പാതയുടെ ആകെ ദൈർഘ്യം 36.58 കിലോമീറ്ററില്‍ നിന്നും 37.8 കിമിയായി ഉയർത്തി. പദ്ധതിയുടെ ആകെ ചെലവ് 28,405 കോടിയില്‍ നിന്നും 25,999 കോടിയായി കുറഞ്ഞു. അതയാത് ഒരു കിലോ മീറ്ററിന് 706.49 കോടിയായിരിക്കും ചെലവ് വരിക. ഭൂഗർഭ പാതയില്‍ ഒകു കിലോമീറ്ററിനുള്ള ചെലവ് 3682.72 കോടിയില്‍ നിന്നും 2621.92 കോടിയായി കുറച്ചു. ഭൂഗർഭപാതയിലെ ഓരോ സ്റ്റേഷനും 2,422.5 കോടിയായിരിക്കും ചെലവ് വരിക. നേരത്തേ ഇത് 3,080.75 കോടിയായിരുന്നു. സ്റ്റേഷനുകളുടെ വലിപ്പവും കുറച്ചിട്ടുണ്ട്.200×27 മീറ്ററില്‍ നിന്നും 170×21.5 മീറ്ററായാണ് കുറച്ചിരിക്കുന്നത്.നേരത്തേ പാതയില്‍ 30 ട്രെയിനുകള്‍ സർവ്വീസ് നടത്തുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലത് 35 ആക്കി ഉയർത്തിയേക്കും. തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള 4.5 മിനുറ്റായി കുറയ്ക്കുകയും ചെയ്തേക്കും.
പാതയുടെ അലൈൻ്റ്മെൻ്റിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കെആർ സർക്കിള്‍ സ്റ്റേഷനും ബെംഗളൂരു ഗോള്‍ഫ് കോഴ്സ് സ്റ്റേഷനും ഇടയിലാണ് പ്രധാന മാറ്റം. പാലസ് റോഡിലുള്ള കർണാടക ഡ്രഗ്സ് കണ്ട്രോള് ഡിപ്പാർട്ട്മെൻ്റ് കെട്ടിടം സംരക്ഷിക്കാനാണ് ഇത്.സെൻ്റ് ജോണ്‍സ് ആശുപത്രി സ്ഥലത്ത് നിർമ്മിക്കുന്ന കൊരമംഗല സെക്കൻ്റ് ബ്ലോക്ക് സ്റ്റേഷൻ 52 മീറ്റർ മാറി ഹെബ്ബാള്‍ ഭാഗത്തായിരിക്കും നിർമ്മിക്കുക. മാത്രമല്ല ടൌണ്‍ഹാള്‍ സ്റ്റേഷനും 13 മീറ്ററോളം ഹെബ്ബാള്‍ ഭാഗത്തേക്ക് മാറ്റും. അതുപോലെ തന്നെ കെആർ സർക്കിള്‍ സ്റ്റേഷനും 15 മീറ്റർ മാറി ഹെബ്ബാള്‍ ഭാഗത്തേക്കായിരിക്കും പണിയുക. ഇതുകൂടാതെ ബെംഗളൂരു ഗോള്‍ഫ് കോഴ്സ്, പാലസ് ഗുട്ടഹള്ളി, മെഖരി സർക്കിള്‍ സ്റ്റേഷനുകളും യഥാക്രമം 21.5 മീറ്റർ, 14.5 മീറ്റർ, 10 മീറ്റർ മാറി ഹെബ്ബാള്‍ ഭാഗത്തേക്ക് നിർമ്മിക്കും.സുരക്ഷ ഉറപ്പാക്കാൻ എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം സ്ക്രീൻ ഡോളറുകളും സ്ഥാപിക്കും. കൂടാതെ വരുമാനം വർധിപ്പിക്കുന്നതിനായി മറ്റ് അടിസ്ഥാന വികസനങ്ങളും നടപ്പാക്കും. ഡയറി സർക്കിളില്‍ 35,000 സ്ക്വയർ മീറ്ററിലുള്ള എട്ട് നിലകളുള്ള കെട്ടിടം നിർമ്മിക്കാനും ബിഎംആർസിഎല്ലിന് പദ്ധതിയുണ്ട്. ഈ സ്ഥലങ്ങളില്‍ കെട്ടിടം പണിയാനുള്ള അനുമതി ഡെലവപ്പർമാർക്ക് നല്കി അതുവഴി 600 കോടിയോളം വരുമാനം കണ്ടെത്താനുള്ള പദ്ധതിയും ബിഎംആർസിഎല്ലിനുണ്ട്.