ബെംഗളൂരു: ഏറെക്കാലമായി നഗരം കാത്തിരിക്കുന്ന തുമകൂരു റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 74 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്കായി ഭൂവിനിയോഗ മാതൃകയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ച് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി.ഇതിനായി റിവൈസ്ഡ് മാസ്റ്റർ പ്ലാൻ-2015 ഭേദഗതി ചെയ്യാനാണ് തീരുമാനം.പുതിയ ഭേദഗതി പ്രകാരം പദ്ധതിയുടെ 100 മീറ്റർ വീതിയുള്ള കോറിഡോറില്‍ 65 മീറ്റർ റോഡിനും സർവീസ് റോഡുകള്‍ക്കുമായി മാറ്റിവയ്ക്കും. ശേഷിക്കുന്ന 35 മീറ്റർ വാണിജ്യ വികസനത്തിനായി വിനിയോഗിക്കാനുമാണ് തീരുമാനം. ഈ മാറ്റം മാസ്‌റ്റർ പ്ലാനില്‍ ഉള്‍പ്പെടുത്തിയാല്‍ കോറിഡോറിന് ചുറ്റുമുള്ള എല്ലാ വികസന പ്രവർത്തനങ്ങള്‍ക്കും ഇത് അടിസ്ഥാന മാർഗനിർദ്ദേശമായി മാറും.പുതിയ ഭൂവിനിയോഗ മാതൃക സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും ക്ഷണിച്ചതായി ബിഡിഎ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.
അംഗീകൃത പദ്ധതിയുടെ വിശദാംശങ്ങള്‍ ബിഡിഎ ആസ്ഥാനത്തെ ടൗണ്‍ പ്ലാനർ അംഗത്തിന്റെയും എഞ്ചിനീയർ അംഗത്തിന്റെയും ഓഫീസുകളില്‍ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.നിലവിലെ റിവൈസ്ഡ് മാസ്റ്റർ പ്ലാൻ-2015 പ്രകാരം, മുമ്പ് പെരിഫറല്‍ റിംഗ് റോഡ് (പിആർആർ) എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി 100 മീറ്റർ വീതിയിലാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ബെംഗളൂരു വികസന മന്ത്രിയായിരുന്ന ഡികെ ശിവകുമാർ പദ്ധതി പുനഃക്രമീകരിച്ച് 65 മീറ്റർ റോഡിനും സർവീസ് റോഡുകള്‍ക്കുമായി മാറ്റിവയ്ക്കുകയും ബാക്കി 35 മീറ്റർ വാണിജ്യ വികസനത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു.പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാരമായി വാണിജ്യ മേഖലയില്‍ വികസിപ്പിക്കുന്ന സ്ഥലങ്ങളില്‍ പ്ലോട്ടുകള്‍ നല്‍കുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന് മുന്നോട്ടുവച്ച നാല് നഷ്‌ടപരിഹാര മാർഗങ്ങളില്‍ ഒന്നാണ് ഇത്. അതിനിടയിലാണ് പുതിയ ഭേദഗതി ബിഡിഎ കൊണ്ട് വരുന്നത്.ഭൂവിനിയോഗ ഭേദഗതി നിയമപരമായ നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ലിമിറ്റഡ് ചെയർമാനും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവുമായ എല്‍കെ. അതീഖ് പറഞ്ഞത്. നിലവില്‍ കോറിഡോറിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനനുസരിച്ച് ഭൂമി എഞ്ചിനിയറിങ് വിഭാഗത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൊഡ്ഡബല്ലാപൂർ ജംഗ്ഷനില്‍ നിന്ന് ജാരകബണ്ടെ കാവല്‍ വരെ ഏകദേശം ഏഴ് കിലോമീറ്റർ ഭാഗം റോഡ് നിർമ്മാണത്തിനായി തയ്യാറായിക്കഴിഞ്ഞു. മാദവാരയില്‍ ഇന്റർചേഞ്ച് ജംഗ്ഷൻ നിർമിക്കുന്നതിനായി ഏകദേശം 45 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നൈസ് ലിമിറ്റഡുമായും കർണാടക ഇൻഡസ്ട്രിയല്‍ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡുമായും ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ആദ്യ പാക്കേജിന്റെ നിർമാണം മൂന്ന് വർഷത്തിനുള്ളില്‍ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം പാക്കേജിന്റെ ടെൻഡർ നടപടികളും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മാദവാര ഇന്റർചേഞ്ച് മേഖലയിലെ 3.8 കിലോമീറ്റർ ഭാഗത്തെ ഭൂമിയേറ്റെടുപ്പിനെതിരെ 250-ലധികം കർഷകരും ഭൂവുടമകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ലൂപ്പുകളും പ്രധാന ജംഗ്ഷനുകളും ഉള്‍പ്പെടുന്ന ചില ഭാഗങ്ങളില്‍ ഭൂമിയേറ്റെടുപ്പ് നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ബിസിനസ് കോറിഡോറിന്റെ പ്രവർത്തനം തുടങ്ങുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ. ഇത് നിലവില്‍ വരുന്നതോടെ യാത്ര കൂടുതല്‍ സുഗമമാവും എന്നാണ് അവരുടെ പ്രതീക്ഷ.