ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഭരണനേതൃത്വത്തിലെത്തി താന്‍ ചുമതലയേറ്റതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കാന്‍ ഗൂഢശ്രമം നടന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ചിത്രങ്ങളും മറ്റ് തെളിവുകളും തന്റെ പക്കലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയില്‍ നിന്ന് സിദ്ധരാമയ്യയെ താഴെയിറക്കാന്‍ ശിവകുമാര്‍ സ്റ്റിംഗ് ഓപ്പറേഷന് ഉപയോഗിച്ചുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കടുത്ത പ്രത്യാക്രമണവുമായി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തിയത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വഴി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി ശേഖരിച്ചുുവെച്ചിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ‘ഏത് കാര്യത്തിന്റെ മറവിലാണ് അവര്‍ വന്നതെന്നും ആരെയാണ് അവര്‍ കണ്ടതെന്നും എനിക്ക് വ്യക്തമായി അറിയാം. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ചിത്രങ്ങളും രേഖകളും തെളിവുകളായി എന്റെ കൈവശമുണ്ട്,’ എന്ന് അദ്ദേഹം വെളിപ്പെടുത്തി.നേരത്തെ താന്‍ മന്ത്രിയായിരുന്ന കാലത്തും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഇത്തരമൊരു ഹണിട്രാപ്പ് ശ്രമം നടത്തിയിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച ശിവകുമാര്‍, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോടും ഉദ്യോഗസ്ഥരോടും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കി.’രസഗുളയും മദ്ദൂര്‍ വടയും മുല്‍ബാഗല്‍ ദോശയും വിളമ്പുമ്പോള്‍ ആരും ശ്രദ്ധിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണ്,’ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.തനിക്ക് ചുറ്റും മൂന്ന് തലങ്ങളിലുള്ള ശക്തമായ സുരക്ഷാ വലയമുണ്ടെന്നും, സംശയാസ്പദമായ പെരുമാറ്റത്തിന്റെ പേരില്‍ ചിലരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില രാഷ്ട്രീയ നേതാക്കള്‍ വാടകയ്ക്കെടുത്ത ആളുകളാണ് ഇതിന് പിന്നിലുള്ളതെന്നും അതിന് ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ശിവകുമാറിന്റെ ആരോപണങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.സ്വകാര്യ ഏജന്‍സിയുമായി ബന്ധമുള്ള ഉത്തരേന്ത്യയില്‍ നിന്നുള്ള ചിലരാണ് ശിവകുമാറിനെ കുടുക്കാന്‍ ശ്രമിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി പ്രതികരിച്ചു. അതേസമയം, കോണ്‍ഗ്രസിന് ഇത്തരം ഗൂഢാലോചനകളുടെ വലിയ ചരിത്രമുണ്ടെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെ മറുപടി. മുന്‍പ് ബി.ജെ.പി എം.എല്‍.എയെ വ്യാജമായി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരിച്ചടിച്ചത്.