ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം എട്ടാം സീസൺ വൻ ജനപ്രീതി നേടി മുന്നേറുകയാണ്. തുടക്കത്തിൽ ഇരുപത്തിയൊന്ന് മത്സരാർത്ഥികളുമായി തുടങ്ങിയ സീസണിൽ ഫൈറ്റ് മാസ്റ്റർ കാളി, നടി റിനി ആൻ ജോർജ് എന്നിവർ ആദ്യഘട്ടത്തിൽ തന്നെ എവിക്റ്റായി പുറത്തുപോയിരുന്നു. അതേസമയം കഴിഞ്ഞ വാരം അഗ്നിപരീക്ഷ മത്സരാർത്ഥികളായ താഷിയും ഷിബിനയും ഒറ്റ മത്സരാർത്ഥിയായി വൈൽഡ് കാർഡ് വഴി വീടിനകത്തേക്ക് പ്രവേശിച്ചതോടെ മത്സരരംഗം കൂടുതൽ കനത്തിരിക്കുകയാണ്. നിലവിൽ ഇരുപത് മത്സരാർത്ഥികളാണ് കിരീടപ്പോരാട്ടത്തിനായി വീട്ടിൽ മാറ്റുരയ്ക്കുന്നത്.എന്നാൽ കളികൾക്കും തർക്കങ്ങൾക്കും അപ്പുറം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മത്സരാർത്ഥികൾക്ക് ലഭിക്കുന്ന വൻ പ്രതിഫല കണക്കുകളാണ്.
ഈ സീസണിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം നടി ഗായത്രി സുരേഷാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.മുൻ മിസ് കേരള കൂടിയായ ഗായത്രി ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രതിദിനം ഒരു ലക്ഷം രൂപയാണ് ഗായത്രി ബിഗ് ബോസിൽ നിന്ന് പ്രതിഫലമായി കൈപ്പറ്റുന്നത്. സീസൺ എട്ടിലെ ഏറ്റവും താരമൂല്യമുള്ള മത്സരാർത്ഥികളിൽ ഒരാളായതിനാൽ തന്നെ വലിയ തുകയാണ് അണിയറപ്രവർത്തകർ ഗായത്രിയ്ക്കായി നൽകുന്നത്.പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് പ്രമുഖ ആക്ടിവിസ്റ്റും പാനലിസ്റ്റുമായ രാഹുൽ ഈശ്വറാണ്. ദിവസേന 45,000 രൂപയാണ് രാഹുലിന് ലഭിക്കുന്നതെന്നാണ് സൂചന. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മൃദുല വിജയ്, മറ്റൊരു സീരിയൽ താരമായ ശ്രീലയ എന്നിവർ പ്രതിദിനം 40,000 രൂപ വീതം കൈപ്പറ്റുന്നു. നടന്മാരായ സുമേഷ് ചന്ദ്രൻ, നോബി ബിനു എന്നിവർക്ക് ഒരു ദിവസത്തേക്ക് 30,000 രൂപ വീതമാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
താരം ശ്രീലക്ഷ്മ്മി അറയ്ക്കൽ, റേഡിയോ ജോക്കി അഞ്ജലി എന്നിവർ പ്രതിദിനം 25,000 രൂപ വീതം നേടുമ്പോൾ ഡിജിറ്റൽ ലോകത്ത് ഏറെ ശ്രദ്ധേയരായ കടൽകൊമ്പൻ, വിക്കി തഗ് എന്നിവർക്ക് 20,000 രൂപയാണ് ഓരോ ദിവസത്തെയും പ്രതിഫലം. സോഷ്യൽ മീഡിയ താരം നേഹ ഫാത്തിമയ്ക്ക് 15,000 രൂപയും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ഗൗതം ശശിക്ക് 10,000 രൂപയുമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.അതേസമയം, അഗ്നിപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ഷോയിലേക്ക് എത്തിയ കോമണേഴ്സ് മത്സരാർത്ഥികളായ രാകേഷ്, ലോലിറ്റ, എൽദോ, ഷിജിൻ എന്നിവർക്കും വൈൽഡ് കാർഡ് ആയി എത്തിയ താഷി, ഷിബിന എന്നിവർക്കുമാണ് പട്ടികയിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിക്കുന്നത്. സോഷ്യൽ മീഡിയ റീച്ചും മുൻകാല പ്രശസ്തിയും മുൻനിർത്തിയാണ് ഓരോ മത്സരാർത്ഥിയുടെയും പ്രതിഫലത്തുക നിശ്ചയിക്കപ്പെടുന്നത്.