Home കർണാടക ഇന്ത്യയുടെ ആകാശത്ത് ഇനി എയർ ടാക്സി; ‘സില്ല 1.0’ പരീക്ഷണം വിജയകരം

ഇന്ത്യയുടെ ആകാശത്ത് ഇനി എയർ ടാക്സി; ‘സില്ല 1.0’ പരീക്ഷണം വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ നഗര ഗതാഗത സംവിധാനങ്ങളെ അടിമുടി മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള തദ്ദേശീയ അത്യാധുനിക എയര്‍ ടാക്‌സി ‘സില്ല 1.0’ (Zilla 1.0) വിജയകരമായി ആകാശത്തുയര്‍ന്നു.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സര്‍ള ഏവിയേഷന്‍’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) ഡെമോണ്‍സ്‌ട്രേറ്ററിന്റെ ആദ്യഘട്ട പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കിയത്. ആഗോള വ്യോമയാന രംഗത്ത് ഇന്ത്യയുടെ തദ്ദേശീയ സാങ്കേതിക കരുത്ത് തെളിയിക്കുന്നതാണ് ഈ നേട്ടം.വെറും ഒരു വര്‍ഷത്തില്‍ താഴെ സമയത്തിനുള്ളില്‍, 13 മില്യണ്‍ യു.എസ് ഡോളറില്‍ താഴെ മാത്രം ചിലവഴിച്ചാണ് സര്‍ള ഏവിയേഷന്‍ ഈ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ആഗോള വിപണിയിലെ വമ്പന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ ചിലവിലാണ് ഈ അഭിമാന നേട്ടം. 700 കിലോഗ്രാം ഭാരമുള്ള ‘സില്ല 1.0’ എന്ന ഡെമോണ്‍സ്‌ട്രേറ്ററിന് 7.5 മീറ്റര്‍ ചിറകളവും 400 വോള്‍ട്ട് ഇലക്‌ട്രിക് പവര്‍ട്രെയിന്‍ ആര്‍ക്കിടെക്ചറുമുണ്ട്.

ഡിസ്ട്രിബ്യൂട്ടഡ് പ്രൊപ്പല്‍ഷന്‍ വിംഗ് സിസ്റ്റം പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനമാണിത്.കമ്പനി ഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന ‘ശൂന്യ’ (Shoonya) എന്ന പൂര്‍ണ്ണ സജ്ജമായ എയര്‍ ടാക്‌സിയുടെ പകുതി വലിപ്പത്തിലുള്ള മാതൃകയാണ് ഇപ്പോള്‍ പരീക്ഷിച്ച ‘സില്ല 1.0’. ലോകത്തിലെ ഏറ്റവും സാമ്പത്തിക ലാഭമുള്ള എയര്‍ ടാക്‌സിയായി ‘ശൂന്യ’യെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലിലിയം, വൊളോകോപ്റ്റര്‍, ജോബി ഏവിയേഷന്‍ തുടങ്ങിയ ആഗോള എയര്‍ ടാക്‌സി കമ്പനികളില്‍ പ്രവര്‍ത്തി പരിചയമുള്ള പ്രമുഖ വിദഗ്ധരാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നത്.യാത്രാ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ‘ശൂന്യ’യില്‍ പൈലറ്റിന് പുറമെ ആറ് യാത്രക്കാര്‍ക്ക് ഒപ്പമുള്ള ലഗേജുകളോടെ സുഖമായി യാത്ര ചെയ്യാം. കൂടുതല്‍ ആഡംബര സൌകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി നാല് പേര്‍ക്ക് മാത്രമായും ഇതിന്റെ സീറ്റിംഗ് ക്രമീകരിക്കാന്‍ സാധിക്കും. ചരക്ക് ഗതാഗതത്തിനായി (Cargo) ഉപയോഗിക്കുമ്പോള്‍ 680 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ടാകും.ഏഴ് പ്രൊപ്പല്‍ഷന്‍ യൂണിറ്റുകളും ഇരട്ട ഐസൊലേറ്റഡ് ബാറ്ററികളും ഉള്ള ഈ എയര്‍ ടാക്‌സിയില്‍ സുസ്ഥിര ഏവിയേഷന്‍ ഇന്ധന (SAF) ടാങ്കും സജ്ജീകരിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കരുത്തില്‍ ഒറ്റത്തവണ 800 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇതിലൂടെ ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിലേക്കുള്ള യാത്രാസമയം മിനിറ്റുകളായി കുറയ്ക്കാം.

എയര്‍ ടാക്‌സി വിപണിയില്‍ ആഗോള ഭീമന്‍മാരായ ജോബി, ആര്‍ച്ചര്‍, ഇഹാങ് തുടങ്ങിയ കമ്പനികളില്‍ നിന്നും ആഭ്യന്തര തലത്തില്‍ ‘ദി ഇപ്ലെയ്ന്‍ കമ്പനി’ (The ePlane Company), ‘ബ്ലൂജെ എയറോസ്പേസ്’ എന്നിവയില്‍ നിന്നും സര്‍ള ഏവിയേഷന് കടുത്ത മത്സരമുണ്ട്. കഴിഞ്ഞ മാസം ഇപ്ലെയ്ന്‍ കമ്പനി തങ്ങളുടെ പൂര്‍ണ്ണ തോതിലുള്ള പ്രോട്ടോടൈപ്പ് പരീക്ഷിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതോടെ ഇന്ത്യയിലെ നഗര ആകാശങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്.സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ കടുത്ത വ്യോമയാന നിയന്ത്രണങ്ങളും ചുവപ്പുനാടകളും മറികടക്കുക എന്നതാണ് ഈ കമ്പനികള്‍ നേരിടുന്ന പ്രധാന പരീക്ഷണം. ജനസാന്ദ്രതയേറിയ ഇന്ത്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളിലും പ്രധാന ഗതാഗത ഹബ്ബുകളിലും ലാന്‍ഡിംഗ് സോണുകള്‍ (Vertiports) കണ്ടെത്തുന്നതിനും വാണിജ്യപരമായ സര്‍വീസുകള്‍ നടത്തുന്നതിനും വ്യോമയാന മന്ത്രാലയത്തിന്റെ (DGCA) കടുത്ത സുരക്ഷാ അനുമതികള്‍ ആവശ്യമാണ്.ഈ പരീക്ഷണത്തോടെ ഇന്ത്യയിലെ യാത്രാ ഗതാഗത രംഗം ഒരു പുതിയ യുഗത്തിലേക്ക് ചുവടുവെക്കുകയാണ്. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കുകളില്‍ പെടാതെ നഗരങ്ങളിലെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വേഗത്തില്‍ പറന്നെത്താന്‍ എയര്‍ ടാക്‌സികള്‍ സഹായിക്കും. എല്ലാ പ്രതിബന്ധങ്ങളെയും കാറ്റില്‍പ്പറത്തി വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആകാശത്ത് ഈ പറക്കും ടാക്‌സികള്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group