Home തിരഞ്ഞെടുത്ത വാർത്തകൾ ‘വിമാനത്താവളത്തില്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുവന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; അഭിജീത് ദിപ്കെ

‘വിമാനത്താവളത്തില്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുവന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; അഭിജീത് ദിപ്കെ

ദില്ലി: ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കള്‍ രാവിലെ മുംബൈയില്‍ നിന്നും ദില്ലിയിലെത്തും. അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കള്‍ രാവിലെ 10.15ന് ആണ് എത്തുക.വിമാനത്താവളത്തില്‍ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച്‌ തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാർ രാജിവെയ്ക്കാതെ പിൻവാങ്ങില്ലെന്നും ദിപ്കെ വ്യക്തമാക്കി. തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തില്‍ നിന്ന് പിൻവാങ്ങില്ല.

രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി.രാജ്യതലസ്ഥാനം വളഞ്ഞ് പൊലീസ്ചലോ ജന്തർ മന്തർ എന്ന പോസ്റ്റർ പുറത്തിറക്കിയ സിജെപി, രാവിലെ എല്ലാവരോടും ജന്തർ മന്തറിലേക്ക് എത്താൻ ആഹ്വാനം ചെയ്തു. ദില്ലി പൊലീസാകട്ടെ 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചും ന്യൂദില്ലി, നിസാമുദ്ദീൻ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചും സമരത്തെ തടയാൻ ശ്രമിക്കുകയാണ്. കർത്തവ്യപഥില്‍ ഇന്‍റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. എന്നാല്‍ പൂർണമായി ട്രെയിനും മെട്രോയും അടക്കമുള്ള സേവനങ്ങള്‍ നിർത്തിവയ്ക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് കർശന നിർദേശം നല്‍കി. സാഹചര്യമനുസരിച്ച്‌ ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങള്‍ ഏർപ്പെടുത്തിയാല്‍ മതിയെന്ന് കോടതി നിർദ്ദേശിച്ചു.

ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നിരീക്ഷിച്ച കോടതി, അനുമതി വാങ്ങാതെയുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതല്‍ സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. നിയന്ത്രണങ്ങള്‍ക്ക് എതിരെ എം എ ബേബി അടക്കമുള്ളവർ നല്‍കിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും വിമർശിച്ചു. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group