വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്ലീപ്പർ ട്രെയിൻ സർവീസുകള്‍ രാജ്യവ്യാപകമാക്കാൻ ഹൃസ്വ-ദീർഘകാല പദ്ധതികള്‍ ഒരുങ്ങുന്നു.ബംഗാളിലെ ഹൗറയ്ക്കും അസമിലെ കാമാഖ്യയ്ക്കുമിടയില്‍ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വിജയകരമായി മുന്നേറുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ റെയില്‍വേ ഒരുങ്ങുന്നത്. ദീർഘദൂര യാത്ര കൂടുതല്‍ സുഗമവും വേഗതയേറിയതുമാക്കുകയാണ് ലക്ഷ്യം.മുംബൈ-ബെംഗളൂരു റൂട്ടിലുള്ള സ്ലീപ്പർ സർവീസിനാണ് റെയില്‍വേ മന്ത്രാലയത്തില്‍നിന്ന് പുതിയ ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ കോറിഡോറായി ഇത് മാറും.
രണ്ട് പ്രമുഖ വ്യവസായ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സർവീസ് ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടും.മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രാത്രികാല യാത്രക്കാരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കും. പുതിയ കോച്ചുകള്‍ ഇതിനോടകം തന്നെ രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ചു വരികയാണ്. കൃത്യമായ സമയക്രമവും ടിക്കറ്റ് നിരക്കും സംബന്ധിച്ച അന്തിമ തീരുമാനം റെയില്‍വേ ഉടൻ പ്രഖ്യാപിക്കും.ന്യൂഡല്‍ഹിയെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ ഭാവി റൂട്ടുകള്‍ റെയില്‍വേയുടെ ചർച്ചകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ന്യൂഡല്‍ഹി-മുംബൈ റൂട്ട്. ന്യൂഡല്‍ഹി-ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. രാജ്യത്തിന്റെ അതിർത്തി മേഖലകളിലേക്കുള്ള പ്രവേശനവും ടൂറിസം സാധ്യതകളും മുൻനിർത്തിയാണ് ഈ പ്രീമിയം ലോംഗ്-ഡിസ്റ്റൻസ് സർവീസ് രൂപകല്‍പ്പന ചെയ്യുന്നത്.
സാധാരണ എക്സ്പ്രസ് ട്രെയിനുകളേക്കാള് യാത്രാസുഖവും വായുസഞ്ചാരവും ശബ്ദനിയന്ത്രണ സാങ്കേതികവിദ്യയുമൊക്കെ ചേർന്നാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ദീർഘദൂര പാതകളില്‍ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനായി പുതിയ തരം ആന്റി-കൊളീഷൻ സംവിധാനങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ സ്ലീപ്പർ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രാജധാനി, ദുരന്തോ തുടങ്ങിയ ട്രെയിനുകള്‍ക്ക് പകരക്കാരനായാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെ കണക്കാക്കുന്നത്. നവീകരിച്ച അക്കോസ്റ്റിക്സ്, അത്യാധുനിക ശുചിമുറികള്‍, കാര്യക്ഷമമായ എയർ കണ്ടീഷനിംഗ് എന്നിവയോട് കൂടിയ പുതിയ കോച്ചുകള്‍ ഇന്ത്യൻ റെയില്‍വേയുടെ ആധുനികവത്കരണത്തിന്റെ പ്രതീകമാണ്.