Home കർണാടക ബെംഗളൂരു വിമാനത്താവളത്തില്‍ പുതിയ ടാക്‌സിവേ; നിര്‍മ്മാണം പുരോഗമിക്കുന്നു

ബെംഗളൂരു വിമാനത്താവളത്തില്‍ പുതിയ ടാക്‌സിവേ; നിര്‍മ്മാണം പുരോഗമിക്കുന്നു

by ടാർസ്യുസ്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി നിർമ്മിക്കുന്ന എലിവേറ്റഡ് വെസ്റ്റേണ്‍ ക്രോസ്-ഫീല്‍ഡ് ടാക്‌സിവേയുടെ നിർമാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചുകൊണ്ട് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) എയറോണോട്ടിക്കല്‍ ഇൻഫർമേഷൻ പബ്ലിക്കേഷൻ (എ ഐ പി) സപ്ലിമെന്റ് പുറത്തിറക്കിയിട്ടുണ്ട്.പുതിയ എലിവേറ്റഡ് വെസ്റ്റേണ്‍ ക്രോസ്-ഫീല്‍ഡ് ടാക്‌സിവേ (ടി ഡബ്ല്യു വൈ-ജെ, ഡബ്ല്യു വൈ-കെ), TWY-B, ഡബ്ല്യു വൈ-ജി എന്നിവയുടെ വിപുലീകരണം, അനുബന്ധ അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. വിമാനത്താവളത്തിന്റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്ത് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എയർസൈഡ് വികസന പദ്ധതികളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

വിമാനത്താവളത്തിലെ ടെർമിനല്‍ 1, ടെർമിനല്‍ 2 എന്നിവയ്ക്കും വടക്കൻ, തെക്കൻ റണ്‍വേകള്‍ക്കുമിടയില്‍ വിമാനങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ വിമാനങ്ങളുടെ ടാക്‌സി സമയം കുറയുകയും റണ്‍വേകളിലേക്കും ടെർമിനലുകളിലേക്കുമുള്ള പ്രവേശനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും.വിമാനങ്ങളുടെ നീക്കത്തിന് ആവശ്യമായ എയർഫീല്‍ഡ് സർകുലേഷൻ മെച്ചപ്പെടുത്തുന്നതിനൊപ്പം രണ്ട് റണ്‍വേകള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താൻ ഈ ടാക്‌സിവേ സഹായിക്കും. ഇതുവഴി വിമാന ഗതാഗതം കൂടുതല്‍ സുഗമമാകുകയും പ്രവർത്തന കാര്യക്ഷമതയും സുരക്ഷയും വർധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നതിനാല്‍ പദ്ധതിക്ക് പരിസ്ഥിതി സൗഹൃദ നേട്ടങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടാക്‌സി സമയം കുറയുന്നതോടെ വിമാനങ്ങള്‍ ഗ്രൌണ്ടില്‍ ഉണഅടാകുന്ന സമയത്തെ ഇന്ധന ചെലവ് കുറയുകയും കാർബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും സാധിക്കും.

എയർബസ് A380, ബോയിങ് 777, ബോയിങ് 747-8 തുടങ്ങിയ വൈഡ്-ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ തരം വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ ടാക്‌സിവേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ടെർമിനല്‍ ബുലെവാർഡ്, മെട്രോ ബ്ലൂ ലൈൻ, കാർഗോ റോഡുകള്‍, സൗത്ത് ആക്സസ് റോഡുകള്‍ എന്നിവയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് ഘടനകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഗണ്യമായി വർധിക്കുമെന്നും, ഭാവിയില്‍ വർധിക്കുന്ന യാത്രക്കാരുടെയും വിമാന സർവീസുകളുടെയും ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group