ബെംഗളൂരു: ബിഡദി ഗ്രേറ്റര്‍ ബെംഗളൂരു ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു.സംസ്ഥാനത്തെ സാംസ്കാരിക നായകരാണ് കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകർ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.കർണാടക സർക്കാർ രാമനഗര ജില്ലയില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വമ്പൻ പദ്ധതിയാണ് ‘ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്’. ബെംഗളൂരു നഗരത്തെ ബിഡദി മേഖലയിലേക്കു കൂടി വ്യാപിക്കുന്ന ഈ പദ്ധതി 7000 ഏക്കർ പ്രദേശത്താൻ് നടപ്പാക്കുക. ബെംഘളൂരുവില് വരാനിരിക്കുന്ന സാറ്റലൈറ്റ് റിങ് റോഡിനപ്പുറത്തായിരിക്കും ഈ പുതിയ നഗരം.പദ്ധതിക്കായി വൻതോതില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രദേശത്തെ കർഷകര്‍ ഇതിനകം തന്നെ സമരപരിപാടികളിലേക്ക് കടന്നിട്ടുണ്ട്.
പദ്ധതിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും കർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നും കർണാടകയിലെ സാംസ്കാരിക-സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളും അടങ്ങുന്ന കൂട്ടായ്മ ആവശ്യപ്പെടുന്നു.’കർണാടക ഫോറം ഓഫ് പബ്ലിക് ഇന്റലക്ച്വല്‍സ്, കള്‍ച്ചറല്‍ വോയ്സസ് ആൻഡ് സിവില്‍ സൊസൈറ്റി’ എന്ന കൂട്ടായ്മയാണ് ബിഡദിയിലെ ടൗണ്‍ഷിപ്പിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കർഷക പ്രതിഷേധത്തെ തുടർന്ന് മുൻപ് ദേവനഹള്ളിയില്‍ സമാനമായ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയില്‍ നിന്ന് കോണ്‍ഗ്രസ് സർക്കാർ പിന്തിരിഞ്ഞത് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വികസനവും കർഷക താത്പര്യങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ പാലിക്കാൻ ദേവനഹള്ളിയിലെ തീരുമാനം സഹായിച്ചിരുന്നതായി കത്ത് പറഞ്ഞു. സമാനമായ രീതിയില്‍ ബിഡദിയിലും സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.വ്യവസായ വളർച്ചയെയും സാങ്കേതിക മുന്നേറ്റങ്ങളെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെയും തങ്ങള്‍ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി രാഹുല്‍ ഗാന്ധിക്കുള്ള കത്തില്‍ സാംസ്കാരിക നായകർ പറഞ്ഞു.
എന്നാല്‍ ഈ വികസനം ഒരിക്കലും ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും ഗ്രാമീണരുടെ ഉപജീവനമാർഗ്ഗവും പച്ചപ്പും നശിപ്പിച്ചുകൊണ്ടാകരുത് എന്ന് കത്തില്‍ വ്യക്തമാക്കുന്നു.ബിഡദി മേഖലയിലെ പച്ചപ്പും കർഷകരുടെ പരമ്പരാഗത ഭൂമിയും ഇല്ലാതാക്കുന്നതാണ് പുതിയ നഗരവല്‍ക്കരണ പദ്ധതിയെന്നാണ് വാദം. സാമ്പത്തിക വളർച്ച പ്രകൃതിയെയും പ്രാദേശിക ജനവിഭാഗങ്ങളെയും കൂടി പരിഗണിച്ചുകൊണ്ടുള്ളതാകണമെന്നും എഴുത്തുകാർ പറയുന്നു.രാഹുല്‍ ഗാന്ധി മുൻകാലങ്ങളില്‍ സമാനമായ പദ്ധതികളില്‍ എടുത്ത നിലപാടും ബുദ്ധിജീവികള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പരിസ്ഥിതിലോലമായ പദ്ധതികളില്‍ ഉള്‍പ്പെടെ പ്രകൃതിക്കും തദ്ദേശവാസികള്‍ക്കും ഒപ്പം നിന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ അവർ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് രാഹുലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരു നഗരത്തിലെ ജനസാന്ദ്രത കുറയ്ക്കുന്നതിനും, ഗതാഗതത്തിരക്ക് കുറയ്ക്കാനും ഉപകരിക്കുന്ന പദ്ധതിയെന്ന നിലയില്‍ ബിഡദി പദ്ധതി ഏറെ ശ്രദ്ധ നേടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നഗരമെന്ന പദവി ബെംഗളൂരു തുടർന്നും നിലനിര്‍ത്തുമെന്നതിന്റെ സൂചനയായും ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.ഐടി-എഐ മേഖലകളുടെ വികേന്ദ്രീകരണത്തിന് കർണാടക സർക്കാർ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പുതിയ നഗരം എഐ കേന്ദ്രിതമായിരിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടിയുടെ ദേശീയ നേതാവിനെത്തന്നെ മുൻനിർത്തി സാമൂഹിക പ്രവർത്തകർ രംഗത്തുവന്നത് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ കർഷക സംഘടനകളും ഈ പ്രതിഷേധത്തിലേക്ക് നേരിട്ട് ഇറങ്ങുമെന്നാണ് സൂചന.