ബെംഗളൂരു: സബർബൻ റെയില്‍വേ പദ്ധതിക്ക് പുതിയ കുതിപ്പേകി സോളദേവനഹള്ളിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിൻ മെയിന്റനൻസ് ഡിപ്പോ നിർമ്മിക്കാൻ ബി-റൈഡ് ടെൻഡർ ക്ഷണിച്ചു.പുതിയതായി ഓർഡർ ചെയ്ത 153 കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കും ഈ ഡിപ്പോയായിരിക്കും ഉപയോഗിക്കുക. 200.03 കോടി രൂപയാണ് ജിഎസ്ടി ഉള്‍പ്പെടാതെയുള്ള പദ്ധതിച്ചെലവ്. ടെൻഡറില്‍ താല്പര്യമുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 12 വരെ അപേക്ഷ സമർപ്പിക്കാം.ചിക്കബാനവാര സബർബൻ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഡിപ്പോ പണിയുക. ഡിപ്പോ നിർമ്മാണത്തിനായി 26 ഏക്കർ സ്വകാര്യ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. സബർബൻ റെയില്‍വേയുടെ കോറിഡോർ 2ലും കോറിഡോർ 4ലും സർവീസ് നടത്തുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ ഇവിടെ വെച്ചായിരിക്കും നടത്തുക.
സബർബൻ റെയില്‍വേയ്ക്ക് വേണ്ടി 153 കോച്ചുകള്‍ നിർമ്മിക്കാൻ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് ബി-റൈഡ് ഓർഡർ നല്‍കിയിരുന്നു. പുതിയ ട്രെയിനുകളുടെ സുരക്ഷാ പരിശോധനകള്‍ക്കും കൃത്യമായ അറ്റകുറ്റപ്പണികള്‍ക്കും ഒരു കേന്ദ്രം അനിവാര്യമായതിനാലാണ് സോളദേവനഹള്ളി ഡിപ്പോ സജ്ജമാക്കുന്നത്. സ്റ്റേബ്ലിംഗ് ലൈനുകള്‍, വർക്ക്ഷോപ്പ് ലൈനുകള്‍, ഇൻസ്പെക്ഷൻ ബേകള്‍, റിപ്പയർ ബേകള്‍, ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കും ഡിപ്പോയുടെ നിർമ്മാണം. പരിസ്ഥിതി സൗഹൃദപരമായ നിർമാണ പ്രവർത്തനങ്ങള്‍ക്കായി ബി-റൈഡ് ഇതിനകം തന്നെ ‘നെറ്റ്-സീറോ കാർബണ്‍ പോളിസി’ രൂപീകരിച്ചിട്ടുണ്ട്. ഡിപ്പോയുടെ പ്രവർത്തനങ്ങള്‍ക്ക് വേണ്ട വൈദ്യുതിക്കായി സൗരോർജ്ജ പാനലുകള്‍ സ്ഥാപിക്കും. മഴവെള്ള സംഭരണികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും.
ജർമ്മനിയിലെ കെഎഫ്ഡബ്ല്യു ഡെവലപ്മെൻ്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്.ഏതൊരു സബർബൻ റെയില്‍ ശൃംഖലയുടെയും ഹൃദയമാണ് ഇത്തരം മെയിന്റനൻസ് ഡിപ്പോകളെന്ന് ബി-റൈഡ് മാനേജിങ് ഡയറക്ടർ ലക്ഷ്മണ് സിങ് വ്യക്തമാക്കി.നാല് ഇടനാഴികളായിട്ടാണ് ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏറെ വർഷങ്ങളായി ചര്‍ച്ചയിലുള്ള ഒന്നാണ് ഈ പദ്ധതി. എന്നാല്‍ മാറിമാറി വന്ന സർക്കാരുകള്‍ക്കൊന്നും പദ്ധതിയെ യാഥാർത്ഥ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. സ്ഥലം ഏറ്റെടുക്കുന്നതിലും മറ്റും വലിയ തടസ്സങ്ങള്‍ വന്നിരുന്നു. ഇപ്പോഴും തടസ്സങ്ങള്‍ പൂർണമായി നീങ്ങിയിട്ടില്ലെങ്കിലും സർക്കാർ പദ്ധതിയെ മുമ്പോട്ട് കൊണ്ടു പോകുകയാണ്. ബെംഗളൂരു സബർബൻ റെയില്‍വേ പദ്ധതിയിലെ നാല് ഇടനാഴികളിലും ജോലികള്‍ പുരോഗമിക്കുന്നതായി നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.