Home തിരഞ്ഞെടുത്ത വാർത്തകൾ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാനിലുള്ള ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാനിലുള്ള ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി

ടെഹ്റാന്‍: ഇറാനിലെ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി. ഇറാനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി ഔദ്യോഗികമായി അറിയിച്ചു.പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.ലെബനാനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ തെല്‍ അവീവ് അടക്കമുള്ള നഗരങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ തിരിച്ചടിച്ചു.നിലവിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ഇസ്രായേല്‍ നടപടികള്‍ക്കും പിന്നില്‍ അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് ഇസ്രായേല്‍ ലെബനാനെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്.ആക്രമണം അതിരുവിട്ടതോടെ ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുക്കുകയായിരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എല്ലാ ചുവന്നരേഖകളും കടന്നാണ് ബെയ്റൂത്തിലും സമീപ പ്രദേശങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്ന് ഇറാന്‍ മിലിട്ടറി പ്രതികരിച്ചു.ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച്‌ നിയന്ത്രണം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം കടുപ്പിക്കുകയാണ് ചെയ്തത്.അതേസമയം ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേലില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തുറസായ സ്ഥലങ്ങളില്‍ 200ലധികമോ അടച്ചിട്ട ഹാളുകളില്‍ 500ലധികമോ ആളുകള്‍ ഒത്തുകൂടുന്നതിലും നിയന്ത്രണമുണ്ട്.ഇസ്രായേലിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ വിമത സംഘടനയായ ഹൂത്തിയും സ്ഥിരീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group