ബെംഗളൂരു : രണ്ട് മാസം നീണ്ടുനിന്ന് അവധിക്കാലത്തിന് ശേഷം സ്കൂൾ മുറ്റത്ത് കുരുന്നുകളുടെ ആരവം തിരിച്ചെത്തുന്നു. മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. മിക്ക സർക്കാർ, സ്വകാര്യ സ്കൂളുകളിലും ഒന്ന് മുതലുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. കെ.ജി. ക്ലാസുകൾ രണ്ട് ദിവസത്തിന് ശേഷമാണ് ആരംഭിക്കുക. പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷം വിദ്യാർഥികളെ വരവേൽക്കാനാണ് സ്കൂളുകൾ ഒരുങ്ങുന്നത്.സർക്കാർ സ്കൂളുകളിൽ വലിയ രീതിയിൽ തന്നെ ആഘോഷം നടത്താൻ പദ്ധതിയിട്ടിരുന്നു. ഈ വർഷം മുതൽ സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. സ്‌കൂളുകളിൽ പ്രവേശനോത്സവം നടത്തുമെങ്കിലും സംസ്ഥാനതല ഉദ്ഘാടനമുണ്ടാകില്ല. സംസ്ഥാനത്തെ അധികാരമാറ്റത്തെതുടർന്നാണ് ശിവമോഗയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതോടെയാണ് ഈ പരിപാടി ഉപേക്ഷിച്ചത്.
മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ. പുതിയമുഖ്യമന്ത്രി ബുധനാഴ്ചയാണ് സ്ഥാനം ഏറ്റെടുക്കുന്നത്.ഓൺലൈൻ മാർഗത്തിൽ നടത്താനിരുന്ന മെഗാ അധ്യാപക രക്ഷാകർതൃയോഗവും ഉപേക്ഷിച്ചിട്ടുണ്ട്. ഇതിനും മുഖ്യമന്ത്രിയായിരുന്നു നേതൃത്വം നൽകേണ്ടിയിരുന്നത്.ഇതേ സമയം, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നടപടികളെല്ലാം പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. 90 ശതമാനം സ്കൂളുകളിലും യൂണിഫോമുകൾ എത്തിച്ചു കഴിഞ്ഞു. പാഠപുസ്തകങ്ങളിൽ 80 ശതമാനവും എത്തിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.സ്വകാര്യ സ്കൂളുകൾ വലിയ പരിപാടികളോടെയാണ് ആദ്യ ദിവസം വിദ്യാർഥികളെ വരവേൽക്കുന്നത്. ആദ്യമായി ക്ലാസുകളിൽ എത്തുന്ന കുട്ടികൾക്ക് മധുരംവിതരണം ചെയ്ത് സ്വാഗതം ചെയ്യും. ചെറിയ ക്ലാസുകളും സ്കൂൾ കവാടവും അലങ്കരിച്ചിട്ടുണ്ട്.