Home കർണാടക ‘ഫൈനല്‍ മത്സരം ബംഗളൂരുവില്‍ നടന്നിരുന്നെങ്കില്‍ അത് കര്‍ണാടകയിലെ ആരാധകര്‍ക്ക് വലിയൊരു സമ്മാനമാകുമായിരുന്നു, ഞങ്ങള്‍ക്ക് അന്യായം സംഭവിച്ചു’; ഡി കെ ശിവകുമാര്‍

‘ഫൈനല്‍ മത്സരം ബംഗളൂരുവില്‍ നടന്നിരുന്നെങ്കില്‍ അത് കര്‍ണാടകയിലെ ആരാധകര്‍ക്ക് വലിയൊരു സമ്മാനമാകുമായിരുന്നു, ഞങ്ങള്‍ക്ക് അന്യായം സംഭവിച്ചു’; ഡി കെ ശിവകുമാര്‍

ബംഗളൂരു: ബെംഗളൂരുവില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം നടന്നിരുന്നെങ്കില്‍ ഇവിടുത്തെ ആർസിബി ആരാധകർക്ക് ഒരു മികച്ച നിമിഷം ലഭിക്കുമായിരുന്നുവെന്ന് നിയുക്ത കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ.ആർസിബിയുടെ ചരിത്ര വിജയത്തിനിടയിലും ഫൈനല്‍ മത്സരത്തിന്റെ വേദി മാറ്റിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ശിവകുമാർ ഉന്നയിച്ചത്. ‘ആർ‌സി‌ബി മത്സരം ബെംഗളൂരുവില്‍ നടക്കേണ്ടതായിരുന്നു. ഞങ്ങള്‍ക്ക് അന്യായം സംഭവിച്ചു. ഇനി ഞാൻ കൂടുതലൊന്നും പറയുന്നില്ല’ എന്ന് ശിവകുമാർ തുറന്നടിച്ചു.ഗുജറാത്തിലെ അഹമ്മദാബാദിന് പകരം ഫൈനല്‍ മത്സരം ബംഗളൂരുവില്‍ നടന്നിരുന്നെങ്കില്‍ അത് കർണാടകയിലെ ആരാധകർക്ക് വലിയൊരു സമ്മാനമാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും ടീമിന്റെ മികച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.

ഈ വർഷവും ആർസിബി താരങ്ങള്‍ മികച്ച കളിതന്നെയാണ് പുറത്തെടുത്തതെന്നും, കർണാടകയിലെ ജനങ്ങള്‍ക്കും സർക്കാർ വൃത്തങ്ങള്‍ക്കും വേണ്ടി ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായും ശിവകുമാർ കൂട്ടിച്ചേർത്തു. വൻ ആഘോഷങ്ങളാണ് ബംഗളൂരു നഗരത്തില്‍ ആരാധകർ സംഘടിപ്പിക്കുന്നത്.അതേസമയം ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെംഗളൂരു 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിജയശില്‍പിയായത് വിരാട് കോലിയായിരുന്നു. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സെടുത്ത താരം ആർസിബിയുടെ ചേസിങ്ങിന് കരുത്തായി. 25 പന്തില്‍ അർധസെഞ്ചുറി പൂർത്തിയാക്കിയ കോലി, ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും കുറിച്ചു. നായകൻ രജത് പാട്ടിദാർ തുടർച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന നേട്ടവും സ്വന്തമാക്കി.

മഹേന്ദ്ര സിങ് ധോണിക്കും രോഹിത് ശർമയ്ക്കും ശേഷമാണ് പാട്ടിദാർ ഈ പട്ടികയില്‍ ഇടം നേടുന്നത്.മറുപടി ബാറ്റിങ്ങില്‍ ആർസിബി തകർപ്പൻ തുടക്കമാണ് കുറിച്ചത്. വെങ്കടേഷ് അയ്യരും കോലിയും ചേർന്ന് പവർപ്ലേയില്‍ തന്നെ ഗുജറാത്ത് ബൗളർമാരെ സമ്മർദത്തിലാക്കി. 16 പന്തില്‍ 32 റണ്‍സെടുത്ത അയ്യർ അഞ്ചാം ഓവറില്‍ മടങ്ങിയെങ്കിലും കോലി ആക്രമണം തുടർന്നു. ദേവദത്ത് പടിക്കല്‍ ഒരു റണ്‍സിന് പുറത്തായി.മൂന്നാം വിക്കറ്റില്‍ രജത് പാട്ടിദാറിനൊപ്പം കോലി സ്കോർ മുന്നോട്ടുകൊണ്ടുപോയെങ്കിലും റാഷിദ് ഖാന്റെ ഒൻപതാം ഓവർ മത്സരത്തില്‍ വഴിത്തിരിവായി. പാട്ടിദാറിനെയും ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കി റാഷിദ് ആർസിബിയെ സമ്മർദത്തിലാക്കി. പത്തോവറില്‍ 100-4 എന്ന നിലയിലായിരുന്ന ബെംഗളൂരുവിനെ ടിം ഡേവിഡിനൊപ്പമുള്ള കോലിയുടെ കൂട്ടുകെട്ടാണ് തിരിച്ചെത്തിച്ചത്. ഡേവിഡ് 24 റണ്‍സെടുത്ത് പുറത്തായ ശേഷം ജിതേഷ് ശർമയ്ക്കൊപ്പം കോലി വിജയം ഉറപ്പിച്ചു.

അതിന് മുമ്പ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. ശുഭ്മാൻ ഗില്‍ (10), സായ് സുദർശൻ (12) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ജോസ് ബട്ട്‌ലർ (19), നിഷാന്ത് സിന്ധു (20) എന്നിവർ ചെറുത്തുനിന്നെങ്കിലും ആർസിബി ബൗളർമാർ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി.മധ്യനിരയില്‍ അർഷാദ് ഖാൻ ആറു പന്തില്‍ 15 റണ്‍സുമായി തിളങ്ങിയെങ്കിലും ഗുജറാത്തിനെ മത്സരക്ഷമമായ സ്കോറിലെത്തിക്കാൻ വലിയ പങ്കുവഹിച്ചത് വാഷിങ്ടണ്‍ സുന്ദറായിരുന്നു. ഒരറ്റത്ത് ഉറച്ചുനിന്ന താരം അർധസെഞ്ചുറി നേടി ടീമിനെ 150 കടത്താൻ സഹായിച്ചു. ബെംഗളൂരുവിനായി റാസിഖ് സലാം ധർ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഭുവനേശ്വർ കുമാറും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം നേടി.

You may also like

error: Content is protected !!
Join Our WhatsApp Group