Home കർണാടക കൊതുക് ശല്യം ഒഴിവാക്കാൻ ജനലുകള്‍ അടച്ചു; ഗ്യാസ് ചോര്‍ന്ന് പി.ജിയില്‍ വൻ സ്ഫോടനം, ഒമ്പത് തൊഴിലാളികള്‍ക്ക് ഗുരുതര പൊള്ളല്‍

കൊതുക് ശല്യം ഒഴിവാക്കാൻ ജനലുകള്‍ അടച്ചു; ഗ്യാസ് ചോര്‍ന്ന് പി.ജിയില്‍ വൻ സ്ഫോടനം, ഒമ്പത് തൊഴിലാളികള്‍ക്ക് ഗുരുതര പൊള്ളല്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സ്വകാര്യ പേയിംഗ് ഗസ്റ്റ് താമസ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ വൻ സ്ഫോടനത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.രാവിലെ 6.30 ഓടെയാണ് മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ അപകടമുണ്ടായത്. ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തില്‍ മുഴുവൻ നിലയിലെയും ജനല്‍ച്ചില്ലുകളും വാതിലുകളും തകർന്നതോടൊപ്പം സമീപത്തെ മറ്റൊരു കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.ഒരു കിടപ്പുമുറിയും ചെറിയ അടുക്കളയും കുളിമുറിയും മാത്രമുള്ള മുറിയിലായിരുന്നു ഒമ്പത്തൊഴിലാളികളും താമസിച്ചിരുന്നത്. സ്ഫോടനത്തിനിടെ ഒരാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ ചെറിയ ഒടിവേറ്റു. മറ്റ് എട്ടുപേർക്കും ശരീരത്തിന്റെ 60 ശതമാനത്തിലധികം ഭാഗങ്ങളില്‍ ഗുരുതര പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഗുരുതര പരിക്കുകളുണ്ടെങ്കിലും എല്ലാവരുടെയും ആരോഗ്യനില നിലവില്‍ സ്ഥിരതയിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.പരിക്കേറ്റവരെ ദേബാശിഷ് ഹല്‍ദർ, ദേബാശിഷ് മാലിക്, സുബ്രത ബെറ, ഹബീബുല്‍ റഹ്മാൻ, സൗരവ് ചൗധരി, സന്തൻ റായ്, സയ്യിദ് അലാഹുദ്ദീൻ, ദിശ്വനാഥ് എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.സംഭവസ്ഥലം സന്ദർശിച്ച ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയിന്റ് കമ്മിഷണർ രമേഷ് ബനോത്ത്, കെട്ടിടത്തില്‍ നിരവധി സുരക്ഷാ ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. ഒറ്റമുറിയില്‍ ഒമ്പത് പേരെ താമസിപ്പിച്ചത് എങ്ങനെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമാന രീതിയില്‍ നിരവധി മുറികളില്‍ കൂടുതല്‍ തൊഴിലാളികളെ പാർപ്പിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. കൊതുക് ശല്യം ഒഴിവാക്കാൻ രാത്രി തൊഴിലാളികള്‍ എല്ലാ ജനലുകളും അടച്ചിട്ടിരുന്നതിനാല്‍ മുറിക്കുള്ളില്‍ ഗ്യാസ് നിറഞ്ഞുകൂടുകയും പിന്നീട് സ്ഫോടനം ഉണ്ടാകുകയുമായിരുന്നു എന്നാണ് അധികൃതരുടെ നിഗമനം.അപകടത്തിന് കാരണമായ സിലിണ്ടർ ഒരു സ്വകാര്യ കമ്പനിയുടെതാണെന്നാണ് വിവരം. സിലിണ്ടറിന്റെയും റെഗുലേറ്ററിന്റെയും ഗ്യാസ് പൈപ്പുകളുടെയും ഗുണനിലവാരം ഉള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.നാഗരാജ് റെഡ്ഡിയുടേതാണ് കെട്ടിടം. ഇത് ഗംഗരാജു എന്നയാള്‍ വാടകയ്ക്കെടുത്ത് പി.ജി താമസ കേന്ദ്രമായി നടത്തിവരികയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നും ആവശ്യമായ അനുമതികള്‍ ഉണ്ടായിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group