Home കർണാടക വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച്‌ കമ്പനികള്‍; ജീവനക്കാരെ പിരിച്ചുവിടാൻ ശമ്പളം നല്‍കാതെയുള്ള ‘ബുദ്ധിപരമായ’ നീക്കമെന്ന് സോഷ്യല്‍ മീഡിയ

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച്‌ കമ്പനികള്‍; ജീവനക്കാരെ പിരിച്ചുവിടാൻ ശമ്പളം നല്‍കാതെയുള്ള ‘ബുദ്ധിപരമായ’ നീക്കമെന്ന് സോഷ്യല്‍ മീഡിയ

ബംഗളൂരു: ഐടി മേഖലയിലെ വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ പൂർണ്ണമായി അവസാനിപ്പിച്ച്‌ ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്താൻ നിർബന്ധിക്കുന്ന കമ്പനികളുടെ പുതിയ നയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിലെ പത്ത് വർഷം പ്രവൃത്തിപരിചയമുള്ള ഫുള്‍-സ്റ്റാക്ക് എൻജിനീയർ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.വീട്ടിലിരുന്ന് ജോലി ചെയ്ത സമയത്തെല്ലാം കൃത്യമായി പ്രൊഡക്ടിവിറ്റി നിലനിർത്താൻ കഴിഞ്ഞിട്ടും, ‘ടീം കൊളാബറേഷൻ’ എന്ന കോർപ്പറേറ്റ് കാരണം പറഞ്ഞ് പെട്ടെന്ന് ഓഫീസ് ജോലി നിർബന്ധമാക്കുന്നത് തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു എന്നാണ് ജീവനക്കാർ പറയുന്നത്.

കോവിഡിന് ശേഷം സ്വന്തം നാട്ടിലേക്ക് താമസം മാറിയ തങ്ങളെപ്പോലുള്ളവർ വീണ്ടും ബംഗളൂരു പോലുള്ള വലിയ നഗരങ്ങളിലേക്ക് മാറുമ്പോള്‍ അമിത വാടക, കനത്ത ട്രാഫിക്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവ കാരണം സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.കമ്പനികളുടെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍ കൃത്യമായ കോർപ്പറേറ്റ് തന്ത്രങ്ങളുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. ജീവനക്കാരെ നേരിട്ട് പിരിച്ചുവിട്ടാല്‍ വലിയ തുക സെവറൻസ് പാക്കേജായി നല്‍കേണ്ടി വരുമെന്നതിനാല്‍, ഇത്തരം കഠിനമായ നിയമങ്ങള്‍ കൊണ്ടുവന്ന് ജീവനക്കാരെക്കൊണ്ട് സ്വയം രാജി വെപ്പിക്കാനുള്ള കമ്പനികളുടെ തന്ത്രമാണിതെന്ന് പലരും പ്രതികരിച്ചു.

ഡിജിറ്റലായി ചെയ്യാൻ കഴിയുന്ന ജോലികള്‍ക്ക് പോലും ഓഫീസ് സാന്നിധ്യം നിർബന്ധമാക്കുന്നത് ഉല്‍പ്പാദനക്ഷമത കൂട്ടാനല്ല, മറിച്ച്‌ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായപ്പെടുന്നത്. മണിക്കൂറുകളോളം ട്രാഫിക്കില്‍ കിടന്ന് ഓഫീസിലെത്തുന്ന ഒരാള്‍ക്ക് എങ്ങനെ ഉന്മേഷത്തോടെ ജോലി ചെയ്യാൻ കഴിയുമെന്നും, ഡിസംബറോടെ ഓഫീസ് ജോലി നിർബന്ധമാക്കിയ സാഹചര്യത്തില്‍ പുതിയ ജോലി തിരയുകയാണ് ഇത്തരം പ്രതിസന്ധിയിലായ ജീവനക്കാർക്ക് ചെയ്യാനുള്ള ഏക പോംവഴിയെന്നും സോഷ്യല്‍ മീഡിയ ഉപദേശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group