കർണാടക മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയതോടെ ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ കുറിച്ചുളള ചർച്ചകള്‍ വീണ്ടും സജീവം.ഭൂമി ഏറ്റെടുക്കല്‍, പാത നിർണയം, സ്റ്റേഷൻ വികസനം തുടങ്ങിയ നടപടികളിലേക്ക് പദ്ധതി ഉടൻ കടക്കും. നിലവില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് പോകേണ്ട നഗരാന്തര യാത്രകള്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.ഹൈദരാബാദ്-ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ ഇടനാഴി ഏകദേശം 607 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയില്‍ കർണാടകയുടെ വിഹിതം ഏകദേശം 101 കിലോമീറ്ററാണ്. തുമകൂരു, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറല്‍ ജില്ലകളിലൂടെയാണ് ഈ ഭാഗം കടന്നുപോകുന്നത്.
നിലവില്‍ റോഡിലോ സാധാരണ ട്രെയിനിലോ യാത്ര ചെയ്യാൻ 8 മുതല്‍ 12 മണിക്കൂർ വരെ വേണ്ടിവരുന്ന ദൂരം, ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമായാല്‍ 2 മണിക്കൂറും 10 മിനിറ്റും കൊണ്ട് പിന്നിടാനാകും.ചിക്കബല്ലാപ്പൂരിലെ ആലിപ്പൂർ, ദേവനഹള്ളിയിലെ കെംപെഗൗഡ വിമാനത്താവളത്തിന് സമീപം, ഹൊസകോട്ടയിലെ കൊടിഹള്ളി എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട ഇടനാഴിയിലെ സ്റ്റേഷനുകള്‍. പൂർണമായും ഉയർത്തിപ്പണിയുന്ന പ്രത്യേക ട്രാക്കിലൂടെയായിരിക്കും ട്രെയിനുകളുടെ സർവീസ്. അതുവഴി വേഗതയും സുരക്ഷയും ഉറപ്പാക്കാനാണ് ലക്ഷ്യം. ബെംഗളൂരു-ഹൈദരാബാദ് റൂട്ടിലെ ഹ്രസ്വദൂര വിമാന സർവീസുകള്‍ക്ക് പോലും ഇത് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വിമാനയാത്രയ്ക്ക് സമയം കുറവാണെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളും യാത്രാ നടപടിക്രമങ്ങളും കാരണം ആളുകള്‍ക്ക് വലിയ സമയം നഷ്ടമാകുന്നുണ്ട്. ബുള്ളറ്റ് ട്രെയിൻ ഈ പ്രശ്നത്തിന് വലിയൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.ഇതോടൊപ്പം തന്നെ ബെംഗളൂരു-ചെന്നൈ-മൈസൂരു അതിവേഗ റെയില്‍ പദ്ധതിയും മുന്നോട്ട് പോകുന്നുണ്ട്. 435 മുതല്‍ 463 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ഈ ഇടനാഴിയില്‍ ബെംഗളൂരു-ചെന്നൈ ഭാഗം മാത്രം ഏകദേശം 306 കിലോമീറ്ററാണ്. ഇപ്പോള്‍ 5 മുതല്‍ 7 മണിക്കൂർ വരെ എടുക്കുന്ന ഈ യാത്ര, അതിവേഗ ട്രെയിൻ വഴി വെറും 1 മണിക്കൂർ 15 മിനിറ്റില്‍ പൂർത്തിയാക്കാനാകും.
ഈ പാതയിലെ പ്രധാന സ്റ്റേഷനുകള്‍ കെജിഎഫ്, കൊടിഹള്ളി, വൈറ്റ്ഫീല്‍ഡ്, ബൈയപ്പനഹള്ളി എന്നിവിടങ്ങളിലായിരിക്കും. ഹൈദരാബാദ്, ചെന്നൈ ഇടനാഴികള്‍ ഒന്നിക്കുന്നതിനാല്‍ കൊടിഹള്ളി ഭാവിയില്‍ വലിയ റെയില്‍ കൈമാറ്റ കേന്ദ്രമായി മാറും. ഇവിടെ വൻ ഡിപ്പോയും അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കാനാണ് പദ്ധതി.രണ്ട് ബുള്ളറ്റ് ട്രെയിൻ പദ്ധതികള്‍ക്കും ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിരീക്ഷിക്കാൻ കർണാടക സർക്കാർ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഏകദേശം 1,757 ഹെക്ടർ ഭൂമിയാണ് വിവിധ ജില്ലകളിലായി ഏറ്റെടുക്കേണ്ടിവരുക. പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ ബെംഗളൂരു ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ ഹബ്ബുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.ബൈയപ്പനഹള്ളി സ്റ്റേഷനെ നമ്മ മെട്രോ, സബർബൻ റെയില്‍ ശൃംഖലകള്‍ എന്നിവയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. അതുവഴി യാത്രക്കാർക്ക് അവസാന മൈല്‍ കണക്റ്റിവിറ്റി എളുപ്പമാക്കാനാണ് ശ്രമം.ഈ പദ്ധതിയുടെ വലിയ ഗുണഭോക്താക്കളില്‍ ഒന്നായി തുമകൂരു ജില്ല മാറുമെന്നാണ് വിലയിരുത്തല്‍. നിർദ്ദേശിച്ച പാതയില്‍ സിറ മേഖലയില്‍ സ്റ്റേഷൻ വരാൻ സാധ്യതയുണ്ട്. അതോടെ തുമകൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര വെറും 20 മുതല്‍ 30 മിനിറ്റായി ചുരുങ്ങും. ഹൈദരാബാദിലേക്കുള്ള യാത്രക്കും രണ്ട് മണിക്കൂറില്‍ താഴെ മതിയാകും. ഇത് ദൈനംദിന ജോലിക്കായി നഗരാന്തര യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും.ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായ തുമകൂരുവിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്താനും സാധ്യതയുണ്ട്.
ബെംഗളൂരുവിലെയും ഹൈദരാബാദിലെയും കമ്പനികള്‍ പുതിയ വ്യാവസായിക യൂണിറ്റുകള്‍ ഇവിടെ ആരംഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. സ്റ്റേഷൻ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഭൂമി വില ഉയരുകയും റിയല്‍ എസ്റ്റേറ്റ് മേഖല സജീവമാകുകയും ചെയ്യും.ഗതാഗതം, ഹോട്ടല്‍, സർവീസ് മേഖലകള്‍ എന്നിവിടങ്ങളില്‍ പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റമുണ്ടാകാം. ഹൈദരാബാദിലും ആന്ധ്രാപ്രദേശിലും നിന്നുള്ള കൂടുതല്‍ വിദ്യാർത്ഥികള്‍ തുമകൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ട്. ബെംഗളൂരുവിലെയും ഹൈദരാബാദിലെയും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും എളുപ്പമാകും.ചിക്കബല്ലാപ്പൂർ ജില്ലക്കും പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ആലിപ്പൂർ സ്റ്റേഷനില്‍ നിന്ന് ദേവനഹള്ളിയിലേക്കോ ഹൊസകോട്ടയിലേക്കോ വെറും 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ എത്താൻ സാധിക്കും. നിലവില്‍ 8 മുതല്‍ 10 മണിക്കൂർ വരെ വേണ്ടിവരുന്ന ഹൈദരാബാദ് റോഡ് യാത്ര ഏകദേശം 2 മണിക്കൂറായി ചുരുങ്ങും.പഴങ്ങള്‍, പൂക്കള്‍, പച്ചക്കറികള്‍ എന്നിവയുടെ കൃഷിക്ക് പ്രശസ്തമായ ഈ മേഖലയിലെ കാർഷിക ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ നഗര വിപണികളിലെത്തിക്കാനും അതിവേഗ റെയില്‍ സഹായിക്കും.
ബെംഗളൂരുവിന്റെ ഐടി, വ്യാവസായിക വളർച്ച ചിക്കബല്ലാപ്പൂരിലേക്കും ഗൗരിബിദനൂരിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്.ദേവനഹള്ളി വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി സമീപ ജില്ലകളിലെ ജനങ്ങള്‍ക്ക് വലിയ സൗകര്യമാകും. അതേസമയം കൊടിഹള്ളിയില്‍ രൂപപ്പെടുന്ന ജംഗ്ഷൻ സ്റ്റേഷൻ ബെംഗളൂരു റൂറല്‍ ജില്ലയെ പദ്ധതിയുടെ പ്രധാന കേന്ദ്രമാക്കി മാറ്റും. ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന ഡിപ്പോകളും അറ്റകുറ്റപ്പണി കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.ഹൊസകോട്ട, ദേവനഹಳ್ಳಿ, ദൊഡ്ഡബല്ലാപ്പൂർ എന്നിവിടങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും പദ്ധതി സഹായകമാകും. സ്റ്റേഷനുകള്‍ക്ക് ചുറ്റുമായി പുതിയ സ്മാർട്ട് നഗരങ്ങളും താമസ മേഖലകളും ഉയർന്നുവരാൻ സാധ്യതയുണ്ട്.അതേസമയം ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയും ഇരു നഗരങ്ങളുടെയും സാമ്പത്തിക ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. നിലവില്‍ 5-6 മണിക്കൂർ ട്രെയിൻ യാത്രയും 6-7 മണിക്കൂർ റോഡ് യാത്രയും ആവശ്യമായ ദൂരം വെറും 75 മിനിറ്റില്‍ പിന്നിടാനാകുന്നത് ബിസിനസ് മേഖലക്ക് വലിയ മാറ്റമാകും.ബെംഗളൂരുവിന്റെ സാങ്കേതിക മേഖലയുടെയും ചെന്നൈയുടെ വാഹന നിർമാണ വ്യവസായത്തിന്റെയും സഹകരണം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. കെജിഎഫ്, ഹൊസകോട്ട, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യാവസായിക ഭൂമികള്‍ക്ക് ആവശ്യകത കൂടാനും സാധ്യതയുണ്ട്.കോലാർ, ഹൊസകോട്ട പോലുള്ള നഗരങ്ങളില്‍ താമസിച്ച് അതിവേഗ ട്രെയിനിലൂടെ ബെംഗളൂരുവിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാൻ കൂടുതല്‍ ആളുകള്‍ തയ്യാറാകുമെന്നാണ് നഗരാസൂത്രകർ പറയുന്നത്. അതുവഴി ബെംഗളൂരുവിലെ ഗതാഗത തിരക്ക് കുറയ്ക്കാനും നഗര വികസനം പരിസര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.