ചാമരാജനഗര്‍: ദേശീയ പാത 766-ല്‍ ഗുണ്ടല്‍പേട്ടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം.കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുഹമ്മദ് അസീര്‍ (37), അയിഷ നൂരി (41), നോഹ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒന്‍പത് വയസ്സുകാരന് നഹിയാന്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയും കാറും തമ്മിൽ ഇടിക്കുകയായിരുന്നു.
ബെംഗളൂരു ബിഇഎംഎല്ലിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അസീര്‍, നാട്ടില്‍ നിന്ന് സഹോദരിയെയും മക്കളെയും കൂട്ടി മൈസൂരിലേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന അപകടത്തില്‍ അയിഷയും നോഹയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അസീര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിക്കുന്നത്.കര്‍ണാടക പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. നിലവില്‍ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ബേപ്പൂരിലെ ഇവരുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്.